• admin

  • February 29 , 2020

തിരുവനന്തപുരം : അപകടത്തില്‍ മരണമടഞ്ഞ പ്രവാസി മലയാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു. നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കാണ് നിലവില്‍ ഈ ആനുകൂല്യം. ആറു ലക്ഷത്തോളം പ്രവാസികള്‍ പദ്ധതിയില്‍ അംഗങ്ങളാണ്. ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ ഇന്‍ഷുറന്‍സ് തുകയായ രണ്ടു ലക്ഷം രൂപ വീതം 10 കുടുംബങ്ങള്‍ക്ക് നല്‍കി. വിദേശത്ത് ആറുമാസത്തില്‍ കൂടുതല്‍ ജോലിചെയ്യുകയോ, താമസിക്കുകയോ ചെയ്യുന്ന പതിനെട്ടു വയസ്സിനു മുകളിലുള്ളവര്‍ക്കാണ് നോര്‍ക്കാ റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് അര്‍ഹതയുളളത്. മൂന്ന് വര്‍ഷമാണ് തിരിച്ചറിയല്‍ കാര്‍ഡിന്റെ കാലാവധി. കാര്‍ഡുടമകള്‍ക്ക് രണ്ടുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അപകടത്തില്‍ സ്ഥിരമായ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപവരെ ലഭിക്കും. പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് www.norkaroots.org മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപകട ഇന്‍ഷുറന്‍സിന് പുറമെ കുവൈറ്റ് എയര്‍വേയ്‌സില്‍ യാത്രചെയ്യന്ന നോര്‍ക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡുടമകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും യാത്രാനിരക്കില്‍ ഏഴ് ശതമാനം ഇളവ് ലഭിക്കും. നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരില്‍ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.