• admin

  • January 23 , 2020

ന്യൂഡല്‍ഹി : ഫെബ്രുവരി ഒന്നിന് വധശിക്ഷക്ക് വിധേയരാകാനിരിക്കുന്ന നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് അന്ത്യാഭിലാഷം സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. കുടുംബാംഗങ്ങളെ കാണുന്നതിനെ കുറിച്ചോ മറ്റു കാര്യങ്ങള്‍ സംബന്ധിച്ചോ നാല് പ്രതികള്‍ക്കും മിണ്ടാട്ടമില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. നിയമപ്രകാരം വധശിക്ഷക്ക് വിധേയമാക്കുന്നതിന് മുമ്പ് പ്രതിക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കും. എപ്പോള്‍ എങ്ങനെ വേണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. തങ്ങളുടെ പേരിലുള്ള സ്വത്ത് ആര്‍ക്കെങ്കിലും കൈമാറുന്നുണ്ടോ എന്നും അറിയിക്കണം. എന്നാല്‍ ജയില്‍ അധികൃതര്‍ ഇതു സംബന്ധിച്ച് ആരാഞ്ഞപ്പോള്‍ ഒരു മറുപടിയും പ്രതികള്‍ നല്‍കിയില്ല. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റാനാണ് രണ്ടാമതായി ഇറക്കിയ മരണവാറണ്ടില്‍ ഡല്‍ഹി തീസ് ഹസാരി കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ സമയം കിട്ടുമെന്ന് തന്നെയാണ് പ്രതികള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. മുകേഷ് സിങ്, വിനയ് ശര്‍മ്മ, അക്ഷയ് സിങ്, പവന്‍ ഗുപത എന്നീ നാല് പ്രതികളാണ് വധശിക്ഷ കാത്ത് കഴിയുന്നത്.