• Lisha Mary

  • April 20 , 2020

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ കാലത്ത് നഗരസഭയുടെ ഷെല്‍ട്ടര്‍ ഹോമുകളില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് ചികിത്സ നല്‍കി താല്‍ക്കാലിക ആയുര്‍വേദ മെഡിക്കല്‍ എയ്ഡ് പോസ്റ്റുകള്‍. തിരുവനന്തപുരം നഗരസഭയുടേയും ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിയത്. ഏപ്രില്‍ നാല് മുതല്‍ അതിഥി തൊഴിലാളികള്‍ക്കുള്ള ആരോഗ്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നഗരസഭ നേരിട്ട് നടത്തുന്ന അഞ്ചു ഷെല്‍ട്ടര്‍ ഹോമുകളിലും ഭാരതീയ ചികിത്സാവകുപ്പിന്റെ സേവനം ലഭ്യമാണ്. ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ഡി.എം.ഓയാണ് താത്കാലിക മെഡിക്കല്‍ എയ്ഡ് പോസ്റ്റുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. അട്ടക്കുളങ്ങര ഗവണ്‍മെന്റ് സെന്‍ട്രല്‍ സ്‌കൂള്‍, എസ്.എം.വി ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, മണക്കാട് കാര്‍ത്തിക തിരുനാള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്,തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,കുന്നുകുഴി ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളിലായി 556 പേരെ പാര്‍പ്പിച്ചിട്ടുണ്ട്.തൈക്കാട് സ്‌കൂളില്‍ വനിതകള്‍ മാത്രമാണുള്ളത്. ലോക്ക് ഡൗണ്‍ കാലയളവ് പൂര്‍ണമായും അവസാനിക്കുന്നതുവരെ മെഡിക്കല്‍ എയ്ഡ് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കും. ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും അടങ്ങുന്ന 17 അംഗ മെഡിക്കല്‍ സംഘമാണ് സേവനം നല്‍കുന്നത്. രാവിലെ ഒന്‍പതുമുതല്‍ ഉച്ചക്ക് 12 മണി വരെയാണ് പരിശോധനാ സമയം. ഡോക്ടറുടെ സേവനവും ഔഷധങ്ങളും തികച്ചും സൗജന്യമാണ്. ഷെല്‍ട്ടര്‍ ഹോമുകള്‍ എല്ലാ ദിവസവും രാവിലെ ധൂപനം ചെയ്ത് അണുവിമുക്തമാക്കുന്നുണ്ട്. സന്ധിരോഗങ്ങള്‍, ദഹനപ്രശ്നങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍, നാഡീ വൈകല്യ പ്രശ്നങ്ങള്‍, ചുമ, ഉത്കണ്ഠ എന്നിവയാണ് ഇവരില്‍ കൂടുതലായും കണ്ടുവരുന്നത്. ഓരോ ഷെല്‍ട്ടര്‍ ഹോമിലും നിയോഗിച്ചിട്ടുള്ള ഭാരതീയ ചികിത്സാ വകുപ്പിലെ സീനിയര്‍ ഡോക്ടര്‍മാര്‍ ക്യാമ്പിലെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്തുകയും സ്ഥിതിവിവര കണക്കുകള്‍ മെഡിക്കല്‍ എയ്ഡ് കണ്‍വീനര്‍മാര്‍ക്ക് നല്‍കുകയും ചെയ്യും.