• Lisha Mary

  • April 2 , 2020

കാക്കനാട് : കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കും ഹെല്‍ത്ത് സ്‌ക്രീനിംഗ്. തൊഴിലാളികള്‍ കൂടുതല്‍ താമസിക്കുന്ന പെരുമ്പാവൂര്‍ മേഖലയിലാണ് മൊബൈല്‍ ക്‌ളിനിക്കില്‍ പ്രാഥമിക നിരീക്ഷണം ആരംഭിച്ചത്. പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷനും സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്റ് ഇന്‍ക്‌ളുസീവ് ഡവലപ്‌മെന്റും ചേര്‍ന്നാണ് മൊബൈല്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനം നടത്തുന്നത്. ഒരു ഡോക്ടര്‍ , രണ്ട് നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ് എന്നിവരുടെ സേവനം ക്ലിനിക്കില്‍ ലഭിക്കും. ബുധനാഴ്ച്ച പാലക്കാട്ടു താഴത്തെ ബംഗാള്‍ കോളനിയിലാണ് ക്ലിനിക് എത്തിയത്. നിലവില്‍ പ്രാഥമിക സ്‌ക്രീനിംഗ് മാത്രമാണുള്ളത്. ഫ്‌ലാഷ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് പനി പരിശോധിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എല്ലാവരെയും സ്‌ക്രീനിംഗിന് വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ടു പേര്‍ക്ക് പനിയുടെ ലക്ഷണം കണ്ടെത്തിയെങ്കിലും കോവിഡുമായി ബന്ധമുള്ളതല്ലെന്ന് കൂടുതല്‍ പരിശോധനയില്‍ വ്യക്തമായി. പനിയുടെ ലക്ഷണങ്ങള്‍ ഉള്ളവരെ അടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ സ്‌ക്രീനിംഗിന് വിധേയമാക്കുമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.