• admin

  • February 25 , 2020

ന്യൂഡല്‍ഹി : അംഗബലം കുറവായതിനാല്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ അതിവേഗം നിയന്ത്രിക്കാനായില്ലെന്ന് ഡല്‍ഹി പൊലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക് അറിയിച്ചതാണ് ഇക്കാര്യം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചുമതലകള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. അതിനാല്‍ അക്രമം നടന്ന പ്രദേശങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കുറവ് അനുഭവപ്പെട്ടു. അംഗബലം കുറവായതിനാല്‍ പ്രധാന റോഡുകളില്‍ മാത്രമെ ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍, ഉള്‍പ്രദേശങ്ങളിലും ഇടവഴികളിലും അടക്കം അക്രമ സംഭവങ്ങള്‍ അരങ്ങേറി. ചില പ്രദേശങ്ങളില്‍ അക്രമം നിയന്ത്രിക്കാന്‍ കഴിയാത്തവിധം വ്യാപിച്ചത് അതുകൊണ്ടാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമം നടന്ന സ്ഥലങ്ങളില്‍ പൊലീസിന്റെ സാന്നിധ്യം കുറവായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ആവശ്യം വന്നാല്‍ സൈന്യത്തെ വിളിക്കുന്ന കാര്യം പരിഗണിക്കും. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പൊലീസ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, നിലവിലെ സാഹചര്യത്തില്‍ 13 കമ്പനി സിആര്‍പിഎഫിനെയും കലാപം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക വിഭാഗത്തെയും ഡല്‍ഹി പൊലീസിന്റെ സഹായത്തിനായി നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.