• admin

  • February 25 , 2020

ന്യൂഡല്‍ഹി :

സുപ്രീംകോടതിയിലെ അഞ്ച് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുമായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. എല്ലാ ജഡ്ജിമാര്‍ക്കും പോട്രോക്കോള്‍ പ്രകാരം ചികിത്സ നല്‍കിയതായി മന്ത്രാലയം അറിയിച്ചു. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും ചികിത്സ നല്‍കി. 

അഞ്ച് പേരെയും വീടുകളില്‍ നിരീക്ഷിച്ച് വരികയായിരുന്നു. അവരില്‍ മൂന്ന് പേര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. രണ്ട് പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരും. അവര്‍ സുഖം പ്രാപിച്ച് വരികയാണന്നും മന്ത്രാലയം അറിയിച്ചു. കോടതി മുറികളും ജഡ്ജിമാരുടെ വസ്തുക്കളും അണുവിമുക്തമാക്കി. പ്രതിരോധ നടപടികളെക്കുറിച്ചുള്ള അവബോധം എല്ലാവരിലും എത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു. 

അഭിഭാഷകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമായി എച്ച് 1 എന്‍1 വര്‍ക്ക്ഷോപ്പും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഓഫീസില്‍ ഫെബ്രുവരി 26ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നടത്തും. 

മോഹന ശാന്തന ഗൗഡര്‍, എ.എസ്. ബൊപ്പണ്ണ, ആര്‍. ഭാനുമതി, അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന, ഇന്ദിര ബാനര്‍ജി എന്നിവര്‍ക്കാണ് എച്ച് 1 എന്‍ 1 പനി ബാധിച്ചത്. ജഡ്ജിമാരില്‍ എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി.