മാനന്തവാടി : മാനന്തവാടി ചിറക്കര എണ്ണപ്പന ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനംവകുപ്പ് നടപടികൾ ശക്തമാക്കി.പ്രദേശത്ത് നിരീക്ഷണത്തിനായി നാല് ക്യാമറകൾ സ്ഥാപിച്ചു.
ഇന്നലെ രാത്രി വനപാലകർ നാട്ടുകാരുമായി ചേർന്ന് നടത്തിയ തിരച്ചിൽ പുലർച്ചെ വരെ നീണ്ടു.രാവിലെ ഒമ്പത് മണി മുതൽ മാനന്തവാടി ആർ.ആർ.ടി (RRT) സംഘം പ്രദേശത്ത് പരിശോധന നടത്തിവരികയാണ്.ബേഗൂർ റെയിഞ്ച് ഓഫീസർ രഞ്ജിത്ത് ഇതിന് നേതൃത്വം നൽകുന്നു.ഇന്നലെ രാത്രി ഒമ്പതരയോടെയാണ് പ്രദേശവാസികൾ കടുവയെ കണ്ടത്.ഷഹലാസ് എന്നയാൾ കടുവയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു.ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. അസമയത്തുള്ള ഒറ്റയ്ക്കുള്ള യാത്രകൾ ഒഴിവാക്കണം.ആവശ്യമെങ്കിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
