പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങളുടെ നിയമപരമായ വനാവകാശങ്ങൾ സംരക്ഷിക്കപ്പെടണം – പ്രിയങ്ക ഗാന്ധി എം.പി

കല്പറ്റ : ദുർബല ഗോത്ര വിഭാഗങ്ങളുടെ വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങൾ അവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നാവശ്യപ്പെട്ട് പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ.കേളുവിന്‌ പ്രിയങ്ക ഗാന്ധി എം.പി.കത്തയച്ചു.പാർലമെന്റിൽ ഈ വിഷയം താൻ ഉന്നയിച്ച ചോദ്യത്തിന് രണ്ടായിരത്തി ആറിലെ വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങൾ ഇത് വരെ അനുവദിച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്.2006 ലെ വനാവകാശ നിയമം പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങളുടെ സവിശേഷമായ സാമൂഹിക-സാംസ്കാരിക സവിശേഷതകളെ അംഗീകരിക്കുകയും അവർക്ക് പ്രത്യേക അവകാശങ്ങളും വ്യാഴവസ്ഥ ചെയ്യുന്നുണ്ട്.ആവാസവ്യവസ്ഥയുടെ അവകാശങ്ങൾ അംഗീകരിക്കേണ്ടത് നിർണായകമാണ്, ഇത് ആദിവാസി ജനതയുടെ ഭൂമിയുടെ അവകാശം സ്ഥിരീകരിക്കുക മാത്രമല്ല,അവരുടെ സാംസ്കാരിക രീതികളും പരമ്പരാഗത ഉപജീവനമാർഗ്ഗങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നതായും കേന്ദ്ര സർക്കാരിന്റെ മറുപടിയിൽ വ്യക്തമാക്കുന്നതാണ് പ്രിയങ്ക ഗാന്ധി എം.പി.കത്തിൽ ചൂണ്ടിക്കാണിച്ചു.

നിലമ്പൂരിലെ ചോലനായ്ക്ക ഉന്നതി സന്ദർശിച്ചപ്പോൾ, അവരുടെ ജ്ഞാനം,അവരുടെ സമത്വ മനോഭാവം, ചുറ്റുമുള്ള പരിസ്ഥിതിയെ അവർ സംരക്ഷിക്കുന്നതിൽ പുലർത്തുന്ന ആദരവ് എന്നിവ വളരെയധികം മതിപ്പുളവാക്കിയതായും ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയിൽ നിന്നും,ഭൂമി,നദികൾ,വനത്തിലെ സസ്യങ്ങളുടെ ഔഷധമൂല്യം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പരമ്പരാഗത അറിവിൽ നിന്നും പൊതുസമൂഹത്തിനു ഏറെ പഠിക്കാനുണ്ടെന്നും അവർ കത്തിൽ സൂചിപ്പിച്ചു.വനം കയ്യേറ്റം,വനനശീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികൾ അവരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്നത് ദുഃഖകരമാണ്.വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും ആവാസവ്യവസ്ഥയുടെ ശോഷണവും അവരുടെ ജീവിതരീതിക്ക് കാര്യമായ ഭീഷണി ഉയർത്തുന്നതായും പ്രിയങ്ക ഗാന്ധി എം.പി. ആശങ്കപ്പെട്ടു.സർക്കാർ സംരംഭങ്ങൾ പൂർണ്ണ വിജയത്തിലെത്താൻ കഴിയാത്തതിന്റെ ഒരു കാരണം, പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങൾക്കിടയിൽ അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധമില്ലായ്മയും ഈ പരമ്പരാഗത അവകാശങ്ങളുടെ ശോഷണവുമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി.കത്തിൽ ചൂണ്ടിക്കാണിച്ചു.ഗോത്ര വിഭാഗങ്ങളെ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരിക്കാൻ പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്നും പ്രിയങ്ക ഗാന്ധി എം. പി. ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *