‘ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ ഞാന്‍ ആളല്ല, എന്നെക്കാള്‍ അര്‍ഹര്‍ എംഎ ബേബിയും എംവി ഗോവിന്ദനും;രാഷ്ട്രീയബോധം എല്ലാവര്‍ക്കും വേണം’

തിരുവനന്തപുരം : പിഎം ശ്രീപദ്ധതിയില്‍ മന്ത്രി വി ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ താന്‍ ആളല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത് സംബന്ധിച്ച ഇടതുപക്ഷ രാഷ്ട്രീയമെന്താണെന്ന് ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ തന്നെക്കാള്‍ അര്‍ഹരും അവകാശമുള്ളവരും എംഎ ബേബിയും എംവി ഗോവിന്ദനുമാണ്.ഈ സമയത്ത് ശിവന്‍കുട്ടി ഇത്രയും പ്രകോപിതനാകാന്‍ എന്താണ് കാരണമെന്ന് അറിയില്ല.എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ ഐക്യത്തിനോ വിജയത്തിനോ ഭംഗം വരുത്തുന്ന ഒന്നും സിപിഐയുടെ ഭാഗത്തുനിന്നും ഉണ്ടാകുകയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

‘ഈ സമയത്ത് ശിവന്‍കുട്ടി ഇത്രയും പ്രകോപിതനാകാന്‍ എന്താണ് കാരണമെന്ന് അറിയില്ല.താന്‍ സിപിഐയുടെ സെക്രട്ടറിയാണ്. പ്രകോപനം ഉണ്ടാക്കാനോ പ്രകോപിതനാകാനോ ഇല്ല. തന്റെ രാഷ്ട്രീയ ബോധം അതിന് അനുവദിക്കുന്നില്ല. അത് എല്ലാവര്‍ക്കും വേണം.അതാണ് എല്‍ഡിഎഫിന്റെ കരുത്തും കൈമുതലും. സിപിഐക്ക് ആ രാഷ്ട്രീയബോധമുണ്ട്.പിഎം ശ്രീയെ സംബന്ധിച്ച് എന്തെങ്കിലും ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ താന്‍ ആളല്ല.അത് സംബന്ധിച്ച ഇടതുപക്ഷ രാഷ്ട്രീയമെന്താണെന്ന് ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ തന്നെക്കാള്‍ അര്‍ഹരും അവകാശമുള്ളവരും എംഎ ബേബിയും ഗോവിന്ദന്‍ മാഷുമാണ്.അവര്‍ പഠിപ്പിക്കട്ടെ.ആര്‍എസ്എസിന്റെ വിദ്യാഭ്യാസ അജണ്ട നടപ്പിലാക്കാനുള്ള നീക്കത്തിന്റെ ഇടതുപക്ഷ ശരി താന്‍ പഠിപ്പിക്കുന്നില്ല.പക്ഷെ അത് പഠിപ്പിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറാവണം.

ശിവന്‍കുട്ടിക്ക് നല്ല രാഷ്ട്രീയ ബോധ്യമുണ്ട്. നല്ല രാഷ്ട്രീയ നേതാവ് ആണ്. മാന്യസുഹൃത്താണ്. സിപിഎം നേതാവാണ്.ആദരണീയനായ വിദ്യാഭ്യാസമന്ത്രിയാണ്,എല്ലാമാണ്.ഒരുതരത്തിലും ശിവന്‍കുട്ടിയെ ചെറുതാക്കാന്‍ താന്‍ ഇല്ല. പിഎം ശ്രീയും സമഗ്രശിക്ഷാ കേരളയും രണ്ടും ഒന്നല്ല. രണ്ടുംതമ്മില്‍ കൂട്ടിക്കെട്ടുന്നത് ബിജെപിയുടെ രാഷ്ട്രീയമാണ്.അതല്ല ഇടതുപക്ഷ രാഷ്്ട്രീയം. വിദ്യാഭ്യാസ അവകാശനിയമപ്രകാരം എസ്എസ്‌കെ ഫണ്ട് കേരളത്തിന് ലഭിക്കാന്‍ അവകാശമുണ്ടെന്നതാണ് സിപിഐ നിലപാട്. എല്‍ഡിഎഫ് നിലപാടും അതാണ്. ആ ഫണ്ട് കേന്ദ്രം തട്ടിപ്പറിക്കാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും.അത് ശിവന്‍കുട്ടിക്ക് ബോധ്യപ്പെടും.വരവണ്ണം മാറാതെ സിപിഐ പറയുന്നു പിഎം ശ്രീ മരവിപ്പിച്ച് കത്തയച്ചത് എല്‍ഡിഎഫിന്റെ വിജയമാണ്.സിപിഐക്ക് വലുത് എല്‍ഡിഎഫ് രാഷ്ട്രീയമാണ്.എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ ഐക്യത്തിനോ വിജയത്തിനോ ഭംഗം വരുത്തുന്ന ഒന്നുപറയുകയോ പ്രവര്‍ത്തിക്കുകയോ ഇല്ല’ ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം,പിഎം ശ്രീ അടഞ്ഞ അധ്യായമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മാറ്റിവെക്കുക മാത്രമാണ് ചെയ്തത്.ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട.നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല.ഇടതു നയങ്ങളെപ്പറ്റി മറ്റു കേന്ദ്രങ്ങളില്‍ നിന്നും പഠിക്കേണ്ട കാര്യമില്ല.തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.

കേരളത്തിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ഒരു പദ്ധതിയെ മാത്രം ആശ്രയിച്ചല്ല മുന്നോട്ടു പോകുന്നത്.ഇതു സര്‍ക്കാരിന്റെ നയമാണ്.ഈ നയം ശക്തിപ്പെടുത്തുവാന്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട എല്ലാ ഫണ്ടുകളും നേടാന്‍ സര്‍ക്കാര്‍ ഇനിയും ശ്രമിക്കും.പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത് എല്‍ഡിഎഫിന്റെ വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവന കണ്ടിരുന്നു.

ഇത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെയും പ്രശ്നമല്ല.ആരെങ്കിലും ഇടപെട്ടതുകൊണ്ട് ഏതെങ്കിലും ഒരു കൂട്ടരുടെ വിജയമോ മറ്റൊരു കൂട്ടരുടെ പരാജയമോ ആയി താന്‍ കാണുന്നില്ല.നയം എല്‍ഡിഎഫിനുണ്ട്. നയത്തില്‍ കൂടിയാലോചനകളിലൂടെ പരിഹാരം കാണണമെന്ന് തീരുമാനിച്ചു.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും മുറുകെ പിടിക്കുന്നുണ്ട്.അതിലൊക്കെ ആര് എപ്പോള്‍ പിറകോട്ടു പോയിട്ടുണ്ട് എന്നൊക്കെ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ മുതിരുന്നില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *