കാവുംമന്ദം : ഒരായുഷ്ക്കാലം കുടുംബത്തിനും നാടിനും സമൂഹത്തിനും വേണ്ടി ജീവിച്ച മുതിർന്ന പൗരന്മാർ, വാർദ്ധക്യകാലത്ത് അവർ നേരിടുന്ന ഒറ്റപ്പെടലിന്റെയും വിരസതയുടെയും പകലുകൾ സജീവമാക്കുന്നതിന് വേണ്ടി തരിയോട് പഞ്ചായത്തിലെ വയോജനങ്ങൾക്കായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ സ്നേഹതീരം എന്ന പേരിൽ വയോജന ക്ലബ്ബ് ആരംഭിച്ചു. ബസ്റ്റാൻഡ് കോമ്പൗണ്ടിനുള്ളിൽ പ്രത്യേകമായി ഒരുക്കിയ കെട്ടിടത്തിൽ ആരംഭിച്ച വയോജന ക്ലബ്ബിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു.വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു.പകൽ സമയങ്ങളിൽ ഇവിടെ വന്ന് സൗഹൃദം പങ്കിടാനും കളികളും കാര്യങ്ങളുമായി ഒത്തുകൂടാനും പുസ്തകങ്ങളും പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കാനും സ്നേഹതീരത്തിൽ അവസരം ഒരുക്കിയിട്ടുണ്ട്.വയോജന ക്ഷേമ പദ്ധതികൾ,ആനുകൂല്യങ്ങൾ,നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കുള്ള ചർച്ച വേദിയായി കൂടി ഈ സ്ഥാപനം മാറുകയാണ്.വിവിധ തൊഴിൽ മേഖലകളിൽ നിന്ന് വിരമിച്ചവർ,വിരമിച്ച സൈനികർ,ശാരീരിക അവശതകൾ കൊണ്ട് കാർഷിക മേഖലകളിൽ നിന്നും മറ്റു തൊഴിലുകളിൽ നിന്നും മാറി നിൽക്കുന്നവർ അടക്കമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും ഈ സ്ഥാപനം വലിയ ആശ്വാസമാകും.
ഈ സ്ഥാപനത്തിൻറെ പ്രവർത്തനങ്ങൾ മുമ്പോട്ട് കൊണ്ടുപോകുന്നത് വയോജനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഒരു കമ്മിറ്റിയാണ് എന്നത് കൊണ്ട് തന്നെ അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും ഈ കൂട്ടായ്മ വലിയ കരുത്താവും.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ,സൂന നവീൻ, ബീന റോബിൻസൺ,വത്സല നളിനാക്ഷൻ,ഡോ.ലത, കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ എം എ നഹ്ഷാന, ബഷീർ പുള്ളാട്ട്, കെ ടി വിനോദൻ മാസ്റ്റർ,എൻ കെ അപ്പുക്കുട്ടി നായർ,കെ ജി പുരുഷോത്തമൻ മാസ്റ്റർ, കെ ഹസ്സൻ,തങ്കച്ചൻ ആൻറണി,പി കെ അബ്ദുറഹിമാൻ,അബൂബക്കർ സിദ്ദീഖ്, ബേബി മുത്തെടത്ത്,ജോണി പുഴക്കൽ,സി ടി നളിനാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ എൻജി ജിഷ നന്ദിയും പറഞ്ഞു.
