ദുബൈ : രാജ്യത്ത് പല സ്ഥലങ്ങളിലും ഇന്നലെ കനത്ത മഴ പെയ്തു.ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ പെയ്ത മഴയില്‍ വാദികള്‍ കവിഞ്ഞൊഴുകി.ഈ മാസം 10 മുതല്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ തുടരുന്ന മഴ സംബന്ധിച്ച് താമസക്കാര്‍ക്ക് ഓറഞ്ച്,മഞ്ഞ അലേര്‍ട്ടുകളും മുന്നറിയിപ്പും എന്‍.സി.എം പുറപ്പെടുവിച്ചു.പെട്ടെന്നുള്ള വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് താമസക്കാര്‍ അകന്നു നില്‍ക്കണം.ഇടിമിന്നലുണ്ടാകുമ്പോള്‍ തുറസ്സായ സ്ഥലങ്ങളിലോ ഉയര്‍ന്ന പ്രദേശങ്ങളിലോ പോകുന്നത് ഒഴിവാക്കുക.അബൂദബിയിലും താമസക്കാര്‍ ചൊവ്വാഴ്ച വരെ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ് അഭ്യര്‍ഥിച്ചു.പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും താഴ്വരകളും വെള്ളപ്പൊക്ക പാതകളും ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.ഇന്നും കനത്ത കാറ്റും ചെറിയ ആലിപ്പഴ വര്‍ഷവും മഴയ്ക്കൊപ്പം ഉണ്ടാകാമെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഇന്ന് വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) നേരത്തെ അറിയിച്ചിരുന്നു.തെക്കന്‍ ഉപരിതല ന്യൂന മര്‍ദ സംവിധാനത്തിന്റെ വികാസവും താരതമ്യേന തണുത്തതും ഈര്‍പ്പമുള്ളതുമായ വായുവിനൊപ്പം ഉയര്‍ന്ന ലെവല്‍ ന്യൂനമര്‍ദവും യു.എ.ഇയെ ബാധിക്കുമെന്നും എന്‍.സി.എം വ്യക്തമാക്കിയിരുന്നു.എമിറേറ്റിന്റെ തെക്കന്‍ ഭാഗങ്ങളിലും മഴ പെയ്തു.
ശനിയാഴ്ച ഫുജൈറയില്‍ പെയ്ത കനത്ത മഴ എമിറേറ്റിലെ പര്‍വത പ്രദേശങ്ങളില്‍ വന്‍ വെള്ളച്ചാട്ടങ്ങളാണ് സൃഷ്ടിച്ചത്. അല്‍ ഐനില്‍ മഴ മൂലം തിരശ്ചീന ദൃശ്യപരത കുറയുന്നത് സംബന്ധിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഞായറാഴ്ച റാസല്‍ഖൈമ,ഫുജൈറ,കല്‍ബ എന്നിവിടങ്ങളില്‍ കനത്ത മഴയാണ് ലഭിച്ചത്.ഷാര്‍ജയിലെ മാലീഹ ടൗണില്‍ കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായി.
പ്രഥമ ശുശ്രൂഷ കിറ്റുകള്‍ കൊണ്ടുപോകാനും ബദല്‍ പ്രകാശ സ്രോതസ്സുകള്‍ തയാറാക്കാനും താമസക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇന്നലെ രാവിലെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില റാസല്‍ഖൈമയിലെ ജൈസ് പര്‍വതത്തില്‍ പുലര്‍ച്ചെ 4.45ന് 18.1° സെല്‍ഷ്യസ് ആയിരുന്നു. നാല് ദിവസത്തെ മഴക്കാലത്ത് താപനിലയില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്.അതേസമയം, ദുബൈയിലും അബൂദബിയിലും ഇന്നലെ യഥാക്രമം 37° സെല്‍ഷ്യസും,38° സെല്‍ഷ്യസും താപനില രേഖപ്പെടുത്തി.രാജ്യത്തുടനീളം ഈര്‍പ്പം 10 ശതമാനത്തിനും 85 ശതമാനത്തിനും ഇടയിലായിരുന്നു.