ചുഴലി നഴ്‌സറിയില്‍ വൃക്ഷത്തൈ വിതരണം ജൂണ്‍ ഒന്നു മുതല്‍

ചുഴലി നഴ്‌സറിയില്‍ വൃക്ഷത്തൈ വിതരണം ജൂണ്‍ ഒന്നു മുതല്‍

കല്‍പറ്റ : നഗര പരിധിയിലെ ചുഴലിയില്‍ സാമൂഹിക വനവത്കരണ വിഭാഗത്തിനു കീഴിലുള്ള നഴ്‌സറിയില്‍ കാല്‍ ലക്ഷം വൃക്ഷത്തൈകള്‍ വിതരണത്തിനു തയാറായി. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നട്ടുവളര്‍ത്തുന്നതിന് ഉത്പാദിപ്പിച്ചതാണ് തൈകള്‍. ഇവയുടെ വിതരണം ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, എം.ടി.ഹരിലാല്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.സുനില്‍ എന്നിവര്‍ അറിയിച്ചു.
നാരകം-1,296, ഞാവല്‍-1,728, പേര-1,008, സീതപ്പഴം-1,449, കണിക്കൊന്ന-960, മണിമരുത്-3,456, എലഞ്ഞി-2,794, കുന്നിവാക-1,349, നീര്‍മരുത്-3,446, പ്ലാവ്-432, താന്നി-816, ഉങ്ങ്-1,466, അഗസ്ത്യച്ചീര-2,304, ആര്യവേപ്പ്-1,056, ചന്ദനം-1,152, മുള-288 എന്നിങ്ങനെയാണ് വിതരണത്തിന് ഉത്പാദിപ്പിച്ച തൈകളുടെ എണ്ണം.
ചുഴലിയില്‍ 4.33 ഹെക്ടര്‍ സ്ഥലത്താണ് നഴ്‌സറി. തൈകളുടെ ശാസ്ത്രീയ ഉത്പാദനത്തിന് ചോപ്പിംഗ് റൂം, ഹീപ്പിംഗ് ഏരിയ, സീഡ് ഡ്രൈയിംഗ് യാര്‍ഡ്, ഷെയ്ഡ് നെറ്റ്, റെയിന്‍ ഷെല്‍ട്ടര്‍, പോട്ടിംഗ് മിക്‌സ്ചര്‍ യൂണിറ്റ്, കമ്പോസ്റ്റ് യൂണിറ്റ്, കുളം, ഓവര്‍ഹെഡ് ടാങ്ക് തുടങ്ങിയ സംവിധാനങ്ങള്‍ ഇവിടെയുണ്ട്.
മാനന്തവാടി റേഞ്ചിലെ ബേഗൂര്‍, സുല്‍ത്താന്‍ ബത്തേരി റേഞ്ചിലെ പൂമല കുന്താണി എന്നിവിടങ്ങളിലും സമൂഹിക വനവത്കരണ വിഭാഗത്തിന്റെ നഴ്‌സറികള്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ചുഴലി നഴ്‌സറിയില്‍ മാത്രമാണ് തൈ ഉത്പാദനം. നേരത്തേ മൂന്നു നഴ്‌സറികളിലുമായി മൂന്നു ലക്ഷത്തില്‍പരം തൈകള്‍ തയാറാക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും സസ്യജാലങ്ങളെക്കുറിച്ചു അറിവ് പകരുന്നതിനും ഉതകുന്നതാണ് നഴ്‌സറി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയ്ക്കു പുറമേ പൊതുജനങ്ങള്‍ക്കും തൈകള്‍ നഴ്‌സറിയില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *