കൽപ്പറ്റ : മെയ് 3 മുതൽ 10 വരെ ഡൽഹി യിൽ ലീല അംബിയൻസ് ഹോട്ടലിൽ വച്ച് നടന്ന ഇരുപത്തി മൂന്നാമത് ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ്ണവും , മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 8 അന്തർ ദേശീയ മെഡലുകൾ രാജ്യത്തിന് വേണ്ടി നേടി വയനാടിന് ചരിത്ര നേട്ടം സമ്മാനിച്ച പഞ്ചഗുസ്തി താരങ്ങളെ ജില്ലാ പഞ്ചഗുസ്തി അസ്സോസിയേഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു . 50 കിലോ സബ് ജൂനിയർ പെൺ കുട്ടികളുടെ വിഭാഗത്തിൽ സ്വർണ്ണവും വെങ്കലവും നേടിയ എലയ്ൻ ആൻ നവീൻ, 50 കിലോ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളിയും വെങ്കലവും നേടിയ സൂര്യ നന്ദൻ എ. പി., 75 കിലോ യൂത്ത് ആൺകുട്ടികൾ വിഭാഗത്തിൽ സ്വർണ്ണം നേടിയ സ്റ്റീവ് തോമസ്, 100 കിലോ മാസ്റ്റേഴ്സ് വിഭാഗം വെള്ളി മെഡൽ നേടിയ നവീൻ പോൾ , സീനിയർ ഗ്രാൻ്റ് മാസ്റ്റർ വിഭാഗത്തിൽ വെള്ളിയും വെങ്കലവും നേടിയ ടി. പി തോമസ് എന്നിവരാണ് കഴിഞ്ഞ ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത് . ഇവർ അഞ്ച് പേരും ഏഷ്യൻ മെഡൽ ജേതാക്കളായി. വയനാട് എം പി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഡൽഹിയിൽ വച്ച് വിജയികളെ നേരിട്ട് കണ്ട് അനുമോദിച്ചിരുന്നു
കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് റിസോർട്ടിൽ വച്ച് നടന്ന അനുമോദന സമ്മേളനം സുൽത്താൻ ബത്തേരി എം. എൽ.എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . അസോസിയേഷൻ പ്രസിഡന്റ് പി കബീർ അധ്യക്ഷത വഹിച്ചു,സ്പോട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു , സലീം കടവൻ , അബ്രഹാം ഇ.വി, ഷാജി പാറക്കണ്ടി, ഗ്രിഗറി വൈത്തിരി തുടങ്ങിയവർ സംസാരിച്ചു.