കൽപ്പറ്റ : ജില്ലയിൽ എസ്.എസ്.എൽ.സി. പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനത്തിനാവശ്യമായ പ്ലസ് വൺ സീറ്റുകൾ നിലവിലില്ല. പത്താം ക്ലാസ് പരീക്ഷയെഴുതിയ 11640 വിദ്യാർത്ഥികളിൽ 11592 പേർ വിജയികളായി. സേ പരീക്ഷ കഴിയുമ്പോഴുള്ള അപേക്ഷകരും, അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നുള്ള അപേക്ഷകരും കൂടി ചേരുമ്പോൾ കുട്ടികളുടെ എണ്ണം വീണ്ടും വർദ്ധിക്കും. ഹയർസെക്കൻഡറിയിൽ 61 സ്കൂളുകളിലായി 9000 വും വി.എച്ച്.എസ്.ഇ. ൽ 10 സ്കൂളുകളിലായി 840 ഉം, ഐ.ടി.ഐ. ൽ 3 ഇടങ്ങളിലായി 536 ഉം പോളി ടെക്നിക്കിൽ 3 ഇടങ്ങളിലായി 660 ഉം സീറ്റുകളടക്കം ജില്ലയിൽ 11036 സീറ്റുകളാണ് ആകെയുള്ളത്. ഇതിൽ ഐ.ടി.ഐ., പോളി ടെക്നിക്ക് എന്നിവയിൽ മറ്റു കുട്ടികളടക്കം അപേക്ഷിക്കുമ്പോൾ സീറ്റുകൾ ഗണ്യമായി കുറയും. ഇക്കാരണങ്ങളാൽ ആയിരത്തോളം കുട്ടികൾ അഡ്മിഷൻ പ്രോസസിന് പുറത്താകും.
വിദ്യാർത്ഥികൾക്ക് താരതമ്യേന എളുപ്പമായിട്ടുള്ള മാനവിക വിഷയങ്ങളിൽ ജില്ലയിൽ ബാച്ചുകൾ കുറവാണ്. കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചു പോലുമില്ല.മേൽ സാഹചര്യത്തിൽ ജില്ലയിൽ വിജയികളായ മുഴുവൻ കുട്ടികൾക്കും അവസരം ലഭിക്കത്തക്ക വിധത്തിൽ മാനവിക വിഷയങ്ങളിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്നും രക്ഷിതാക്കളുടെയും കുട്ടികളുടേയും ആശങ്കയകറ്റുന്നതിനുള്ള ക്രിയാത്മക ഇടപെടീൽ സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും എ.കെ.എസ്.ടി.യു. വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് കെ. കെ. സുധാകരൻ, ജില്ല ഭാരവാഹികളായ ശ്രീജിത്ത് വാകേരി, വി. ആർ. പ്രകാശ്, എൻ. വി. കരുണാകരൻ എന്നിവർ സംസാരിച്ചു.