പുതിയിടംകുന്ന് : വി.ചാവറ കുര്യാക്കോസ് ഏലിയാസ് പളളിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഭവനരഹിതരായ നാല് കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറി. മാനന്തവാടി രൂപതയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇടവകാംഗമായ ലീല അറയ്ക്കല്‍ ഇഷ്ടദാനമായി നല്‍കിയ 50 സെന്‍റ് ഭൂമിയാണ് കൈമാറിയത്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായ ഒരു കുടുംബം, മാനന്തവാടി, മീനങ്ങാടി, നടവയല്‍ എന്നിവിടങ്ങളില്‍ നിന്നുളള ഓരോ കുടുംബം എന്നിവര്‍ക്കാണ് ഭൂമി നല്‍കിയത്. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായ കുടുംബത്തിന് മാനന്തവാടി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഡബ്ല്യു.എസ്.എസ്.എസിന്‍റെ നേതൃത്വത്തില്‍ വീട് വെച്ച് നല്‍കും. ഈ കുടുംബത്തിനുളള ഭൂമിയുടെ രേഖകള്‍ കൈമാറി കൊണ്ട് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പരിപാടി ഉദ്ഘാടനം ചെയ്തു. മറ്റ് കുടുംബങ്ങള്‍ക്കുളള ഭൂമിയുടെ രേഖകള്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിന്‍ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്‍റ് അഹമ്മദ്കുട്ടി ബ്രാന്‍, കല്ലോടി ഫൊറോന വികാരി ഫാ.സജി കോട്ടായില്‍ എന്നിവര്‍ കൈമാറി. ഡബ്ല്യു.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍ ലീല അറയ്ക്കലിനെ മെമന്‍റോ നല്‍കി ആദരിച്ചു.പളളിയില്‍ പുതിയതായി നിര്‍മ്മിച്ച സണ്‍ഡേ സ്കൂള്‍ കെട്ടിടത്തിന്‍റെ വെഞ്ചരിപ്പ് കര്‍മ്മം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം നിര്‍വ്വഹിച്ചു. സണ്‍ഡേ സ്കൂള്‍ ഒന്നാം ക്ലാസ്സിലേക്കും ബൈബിള്‍ നേഴ്സറിയിലേക്കുമുള്ള പ്രവേശനവും ഇതോടൊപ്പം ആരംഭിച്ചു. മാനന്തവാടി രൂപത വികാരി ജനറാല്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ അധ്യക്ഷത വഹിച്ചു. വെളളമുണ്ട പഞ്ചായത്ത് പ്രസിഡന്‍റ് സുധി രാധാകൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു. ഇടവക വികാരി ഫാ. ജസ്റ്റിന്‍ മുത്താനിക്കാട്ട്, കൈക്കാരന്മാരായ അനീഷ് കുറ്റിച്ചാലില്‍, തങ്കച്ചന്‍ മക്കോളില്‍, ഷാജു കുളത്താശ്ശേരി, ഷാദിന്‍ ചക്കാലക്കൂടി എന്നിവര്‍ നേതൃത്വം നല്‍കി.
