മുണ്ടക്കൈ, ചൂരൽമല സ്കൂൾ പ്രവേശനോത്സവം : സ്വാഗതസംഘം രൂപവത്കരിച്ചു

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപവത്കരിച്ചു. സെപ്റ്റംബർ രണ്ടിനു മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് പ്രവേശനോത്സവം. വെള്ളാർമല ജി.വി.എച്ച്.എസ്.എസിൽനിന്നു 544 കുട്ടികളും മുണ്ടക്കൈ ഗവ. എൽ.പി. സ്കൂളിൽനിന്നു 61 കുട്ടികളും വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാരും പങ്കെടുക്കും. വിവിധ സ്ഥലങ്ങളിലുള്ള കുട്ടികളെ സ്കൂളിലെത്തിക്കാൻ കെ.എസ്.ആർ.ടി.സി.യുടെ സഹായം തേടിയിട്ടുണ്ട്.
മന്ത്രിമാരായ വി. ശിവൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ. രാജൻ, ഒ.ആർ. കേളു, പി.എ. മുഹമ്മദ് റിയാസ് എന്നിവർ മുഖ്യരക്ഷാധികാരികളായും എം.എൽ.എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ രക്ഷാധികാരികളുമായി 101 അംഗ സ്വാഗസംഘത്തിനാണു രൂപം നൽകിയത്.
സ്വാഗതസംഘം രൂപവത്കരണയോഗത്തിൽ മേപ്പാടി ജി.എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡന്റ് പി.ടി. മൻസൂർ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ. ജില്ലാ പ്രൊജക്ട് കോ- ഓർഡിനേറ്റർ വി.അനിൽകുമാർ, ഷംസുദ്ദീൻ അരപ്പറ്റ, കെ. നിഷാദ്, പൊതുവിദ്യാഭ്യാസ കോ- ഓർഡിനേറ്റർ വിൽസൺ തോമസ്, ജില്ലാ പ്രോഗ്രാം ഓഫീസർ പി.ജെ. ബിനേഷ്, മേപ്പാടി ജി.എച്ച്.എസ്.എസ്. പ്രധാനാധ്യാപകൻ പോൾ ജോസ് എന്നിവർ സംസാരിച്ചു.
മറ്റു ഭാരവാഹികൾ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ (ചെയ.), മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു (വൈസ്. ചെയ.), ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.എ. ശശീന്ദ്രവ്യാസ് (ജന. കൺ.), ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു (ജോ. കൺ.).

Leave a Reply

Your email address will not be published. Required fields are marked *