• admin

  • May 9 , 2021

ഗുവാഹാട്ടി : ഒരാഴ്ച നീണ്ട സസ്പെൻസിനൊടുവിൽ മുതിർന്ന നേതാവ് ഹിമന്ദ ബിശ്വ ശർമയെ അസം മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചു. നിലവിലെ മുഖ്യമന്ത്രി സർബാനന്ദ് സോനോവാളാണ് നിയമസഭാ കക്ഷി യോഗത്തിൽ ഹിമന്ദയുടെ പേര് നിർദേശിച്ചത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ഇന്ന് നടന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിൽ സർബാനന്ദ് സോനോവാൾ നിയമസഭാ കക്ഷി നേതാവായി ഹിമന്ദ ബിശ്വ ശർമയെ പ്രഖ്യാപിച്ചത്. ഹിമന്ദ ബിശ്വ ശർമയും സർബാനന്ദ് സോനോവാളും തമ്മിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം നിലനിന്നിരന്നു. തർക്കത്തെ തുടർന്ന കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമറിനേയും പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിങിനേയും എംഎൽഎമാരുടെ യോഗത്തിൽ നിരീക്ഷകരായി നിയോഗിച്ചിരുന്നു. ഇതിനിടെ സർബാനന്ദ് സോനോവാൾ ഗവർണർക്ക് രാജിയും കൈമാറി. ഉച്ചയ്ക്ക് ശേഷം നടക്കുന്ന എൻഡിഎ യോഗത്തിന് ശേഷം ഹിമന്ദ ബിശ്വ ശർമ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും. നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനാണ് തീരുമാനം. അസമിൽ 126-ൽ 75 സീറ്റുനേടിയാണ് എൻ.ഡി.എ. സഖ്യം ഭരണം നിലനിർത്തിയത്. ബി.ജെ.പി.ക്ക് 60, സഖ്യകക്ഷികളായ അസം ഗണപരിഷത്തിന് ഒമ്പത്, യു.പി.പി.എല്ലിന് ആറ് എന്നിങ്ങനെയാണ് സീറ്റുനില. കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം 50 സീറ്റുനേടിയിട്ടുണ്ട്. കോൺഗ്രസിൽനിന്ന് 2016-ൽ ബി.ജെ.പി.യിൽ ചേക്കേറിയ ഹിമന്ദ അമിത് ഷായുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. ബി.ജെ.പി.യുടെ വടക്കുകിഴക്കൻ രാഷ്ട്രീയപദ്ധതികളുടെ സൂത്രധാരനുമാണ്. മികച്ച സംഘാടകനും ജനസ്വാധീനമുള്ള നേതാവും വടക്കുകിഴക്കൻ ജനാധിപത്യസഖ്യത്തിന്റെ കൺവീനറുമായ ഹിമന്ദയാണ് പാർട്ടിയുടെ അസമിലെ മുഖം. എന്നാൽ, അസമിലെ ജാതിസമവാക്യങ്ങൾ അനുസരിച്ച് സർബാനന്ദ് സോനോവാളിനാണ് 2016-ൽ മുഖ്യമന്ത്രി പദം നൽകിയത്. തദ്ദേശീയ സോനോവാൾ-കച്ചാഡി ആദിവാസി വിഭാഗത്തിന്റെ പ്രതിനിധിയാണ് സർബാനന്ദ്. മികച്ച പ്രതിച്ഛായയുള്ള സർബാനന്ദ് ഒന്നാം മോദിമന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരിക്കെയാണ് മുഖ്യമന്ത്രിപദവിയിൽ നിയുക്തനായത്.