• admin

  • September 23 , 2022

മേപ്പാടി : സാധാരണക്കാര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കുമായി ജീവിതം സമര്‍പ്പിച്ച മുസ്്‌ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റും എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.പി.എ കരീമിന് ജന്മനാട് വിടനല്‍കി. വയനാട്ടിലെ തേയില തോട്ടങ്ങളില്‍ തൊഴിലാളികളെ സംഘടിപ്പിക്കുകയും വേതന വ്യവസ്ഥയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സാധ്യമാക്കുകയും ചെയ്ത നേതാവിന് അന്ത്യവിശ്രമമൊരുങ്ങിയതും തേയിലത്തോട്ടങ്ങള്‍ക്ക് ചാരെ. മൈസൂരു ജയദേവ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ മുക്കില്‍പീടികയിലെ വീട്ടിലെത്തിച്ചത് മുതല്‍ തിരക്കിലമരുകയായിരുന്നു പുത്തന്‍പുരക്കല്‍ വീട്. വസതിയിലും പൊതുദര്‍ശനത്തിന് വെച്ച മേപ്പാടി ഡബ്ല്യു.എം.ഒ സ്‌കൂളിലും ടൗണ്‍ ജുമാമസ്ജിദിലും ഒഴുകിയെത്തിയ സഞ്ചയം, ജനമനസ്സുകളില്‍ കരീംസാഹിബിന്റെ ഇടം എത്ര ആഴത്തിലുള്ളതാണെന്ന് തെളിയിക്കുന്നതായി. രാവെളുക്കുവോളം വീട്ടിലെത്തിയവരും സ്‌കൂള്‍ മുറ്റം നിറഞ്ഞ് കവിഞ്ഞവരും മയ്യിത്ത് നിസ്‌കാരത്തിനായി വരിയൊപ്പിച്ച് നിന്നവരും കരീംസാഹിബില്‍ നിന്നനുഭവിച്ച സ്‌നേഹവായ്പുകളില്‍ വിങ്ങി. മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, എം.സി മായിന്‍ഹാജി, സി. മമ്മൂട്ടി, കെ.എം. ഷാജി, സി.പി ചെറിയ മുഹമ്മദ്, നാലകത്ത് സൂപ്പി, എം.എ റസാഖ് മാസ്റ്റര്‍, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, പി.കെ ഫിറോസ്, പി. ഇസ്മായില്‍, സുഹറ മമ്പാട് തുടങ്ങി നൂറ് കണക്കിന് നേതാക്കള്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ഹര്‍ത്താല്‍ ദിനത്തിലും അണമുറിയാതെയൊഴുകിയ പ്രവര്‍ത്തകരുടെ അശ്രുക്കള്‍ ഏറ്റുവാങ്ങി പതിനൊന്നരയോടെ മേപ്പാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമത്തിലേക്ക് നീങ്ങി. മുസ്്‌ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം സാഹിബിന്റെ മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് സയ മുനവ്വറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. എം.എല്‍.എമാരായ ടി. സിദ്ദീഖ്, ഐ.സി ബാലകൃഷ്ണന്‍, സി.കെ ശശീന്ദ്രന്‍, പി. ഗഗാറിന്‍, എന്‍.ഡി അപ്പച്ചന്‍, പി.കെ മൂര്‍ത്തി, ഇ.ജെ ബാബു, കെ.കെ അബ്രഹാം, കെ.എല്‍ പൗലോസ്, പി.കെ ജയലക്ഷ്മി, സംഷാദ് മരക്കാര്‍, ടി.കെ നസീമ ടീച്ചര്‍, വി.എ മജീദ്, കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, പി.പി ആലി, പി.ടി ഗോപാലക്കുറുപ്പ്, ഗോകുല്‍ദാസ് കോട്ടയില്‍ പി.കെ അബ്ദുറഹ്്മാന്‍, നസീമ മാങ്ങാടന്‍, പി. ബാലന്‍, എ.കെ റഫീഖ്, കെ.എംതൊടി മുജീബ്, ഓമന രമേശ്, കെ.ഇ വിനയന്‍, സി. അസൈനാര്‍, കാട്ടി ഗഫൂര്‍, ബീനാ വിജയന്‍, എന്‍.സി പ്രസാദ്, വി.പി ശങ്കരന്‍ നമ്പ്യാര്‍, യു. കരുണന്‍, വിജയന്‍ ചെറുകര, എന്‍.ഒ ദേവസ്യ, കെ.കെ ഹംസ, പി.കെ അനില്‍കുമാര്‍, കെ.ജെ ദേവസ്യ, വി. ജോണ്‍ ജോര്‍ജ്ജ്, പി, സലാം, എന്‍. ശിവരാമന്‍, പ്രവീണ്‍ തങ്കപ്പന്‍ തുടങ്ങിയ വിവിധ മേഖലകളിലുള്ള ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിച്ചു.