തിരുവനന്തപുരം : കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സ്റ്റാർട്ടപ്പ് ഉച്ചകോടിയായ ഹഡിൽ ഗ്ലോബൽ-2025 നൊപ്പം പ്രതിനിധികൾക്ക് കേരളത്തിന്റെ ടൂറിസം ആകർഷണങ്ങളും ആസ്വദിക്കാം.സ്റ്റാർട്ടപ്പുകൾക്ക് വലിയ അവസരങ്ങൾ തുറന്നിടുന്ന ഹഡിൽ ഗ്ലോബലിന്റെ ഏഴാം പതിപ്പ് ഡിസംബർ 11 മുതൽ 13 വരെ കോവളത്ത് ലീല റാവിസ് ഹോട്ടലിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഹഡിൽ ഗ്ലോബൽ 2025 ഉദ്ഘാടനം ചെയ്യും.
പുതിയ ടൂറിസം ഉൽപ്പന്നങ്ങളും പദ്ധതികളുമായി കേരളത്തിലെ പ്രധാന ടൂറിസം സീസൺ സജീവമാകുന്നത് നവംബറിലാണ്.ഇത്തവണത്തെ ഹഡിൽ ഗ്ലോബലിൽ ആഗോള നിക്ഷേപകർ, വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾ,മെന്റർമാർ എന്നിവരുൾപ്പെടെ 3000 ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അന്താരാഷ്ട്ര പ്രതിനിധികളും പ്രഭാഷകരും ഇതിന്റെ ഭാഗമാകും.15 ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്.ഈ പ്രാതിനിധ്യം കേരള ടൂറിസത്തിനും കൂടുതൽ ഉണർവേകും.
ഹഡിലിന് വേദിയാകുന്ന കോവളം അന്താരാഷ്ട്ര ടൂറിസം കേന്ദ്രത്തിലെയും സമീപത്തെ ബീച്ച് ടൂറിസം കേന്ദ്രങ്ങളായ വിഴിഞ്ഞം,ആഴിമല,ചൊവ്വര, പൂവാർ,വർക്കല എന്നിവിടങ്ങളിലെ അഡ്വഞ്ചർ ടൂറിസം വിനോദങ്ങളിൽ ഏർപ്പെടാൻ പ്രതിനിധികൾക്കാകും.പദ്മനാഭസ്വാമി ക്ഷേത്രം, നേപ്പിയർ മ്യൂസിയം,പുത്തൻമാളിക കൊട്ടാരം മ്യൂസിയം,മൃഗശാല ഉൾപ്പെടെയുള്ള തിരുവനന്തപുരം നഗരത്തിലെ പ്രധാന ആകർഷണങ്ങളും പൊന്മുടി, ബോണക്കാട്,കോട്ടൂർ തുടങ്ങി ജില്ലയ്ക്കകത്തെ മലയോര പ്രദേശങ്ങളിലേക്കുള്ള യാത്രയും പ്രതിനിധികൾക്ക് ആസ്വദിക്കാനാകും.
കേരളത്തിന്റെ സമ്പന്നമായ പ്രകൃതിസൗന്ദര്യവും കായൽ,മലയോര ഭംഗിയും ആസ്വദിക്കുന്നതിനൊപ്പം പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരം കൂടിയാണ് ഹഡിലിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് കൈവരുന്നത്. മികച്ച റോഡ്, റെയിൽ, വിമാന കണക്ടിവിറ്റിയുള്ളതിനാൽ തിരുവനന്തപുരത്തു നിന്ന് മറ്റ് ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും എളുപ്പമാണ്. സാംസ്‌കാരികമായ പ്രത്യേകതകയുള്ള സ്ഥലങ്ങൾ, ഉത്തരവാദിത്ത, അനുഭവവേദ്യ ടൂറിസത്തിന്റെ ഭാഗമായ പ്രദേശങ്ങളിലേക്കുള്ള യാത്രകൾ, തനത് ഗ്രാമീണ ജീവിതവും നാടൻ ഭക്ഷവും ആസ്വദിക്കൽ എന്നിവയ്ക്കെല്ലാം സാധ്യതയുണ്ട്. ഏതു കാലാവസ്ഥയ്ക്കും ഇണങ്ങുന്ന ടൂറിസം ഡെസ്റ്റിനേഷൻ എന്ന കേരളത്തിന്റെ സവിശേഷത നേരിട്ടറിയാനും ഹെഡിൽ ഗ്ലോബലിൽ എത്തുന്ന പ്രതിനിധികൾക്കാകും.
ലോകമെമ്പാടുമുള്ള 200 ലധികം നിക്ഷേപകരെത്തുന്ന സ്റ്റാർട്ടപ്പ് സംഗമത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള 4000 ത്തിലധികം സ്റ്റാർട്ടപ്പുകൾ,200 ഏയ്ഞ്ചൽ നിക്ഷേപകർ, നയരൂപകർത്താക്കൾ,മെന്റർമാർ, എച്ച്എൻഐകൾ,200 കോർപറേറ്റുകൾ, പ്രഭാഷകർ തുടങ്ങിയവർ പങ്കെടുക്കും.
അനുയോജ്യമായ ഡെസ്റ്റിനേഷൻ കണ്ടെത്താനും യാത്രാസമയം ക്രമീകരിക്കാനും കേരള ടൂറിസം വെബ്സൈറ്റിലൂടെ (https://www.keralatourism.org/) സാധിക്കും. ഹഡിൽ ഗ്ലോബലിൽ പങ്കെടുക്കുന്നതിനായി https://huddleglobal.co.in/ സന്ദർശിക്കുക.