• admin

  • July 12 , 2020

ജിദ്ദ : ഹജ്ജിന്​ അപേക്ഷിക്കാനുള്ള കാലാവധി അവസാനിച്ചതോടെ അപേക്ഷകള്‍ ഇലക്‌ട്രോണിക്​ സംവിധാനം വഴി തരംതിരിക്കല്‍ നടപടി പൂര്‍ത്തിയായതായി സൗദി ഹജ്ജ്​ മന്ത്രാലയം അറിയിച്ചു. കോവിഡ്​ പശ്ചാത്തലത്തില്‍ സ്വദേശികളും രാജ്യത്തിനകത്ത്​ താമസിക്കുന്ന വിദേശികളുമായ പരിമിതമായ ആളുകള്‍ക്കാണ്​ ഇത്തവണ ഹജ്ജിന്​ അവസരമൊരുക്കുന്നത്​. രാജ്യത്തിനകത്ത്​ താമസിക്കുന്ന 160 രാജ്യക്കാരുടെ അപേക്ഷകള്‍ തരംതിരിച്ചയായി ഹജ്ജ്​ മന്ത്രാലയം വ്യക്തമാക്കി​. ഇത്തവണ മൊത്തം തീര്‍ഥാടകരില്‍ 70 ശതമാനം രാജ്യത്തിനകത്തെ വിദേശികള്‍ക്കും 30 ശതമാനം സ്വദേശികള്‍ക്കുമാണ്​ നിശ്ചയിച്ചിരിക്കുന്നത്​. അപേക്ഷകള്‍ പൂര്‍ണമായി പരിശോധിച്ച്‌​ തെരഞ്ഞെടുത്തവരുടെ പട്ടിക ഉടനെ പ്രസിദ്ധീകരിക്കും. അപേക്ഷ സമര്‍പ്പിക്കല്‍ തുടക്ക നടപടിയാണ്​. അന്തിമമായി ഹജ്ജിന്​ തെരഞ്ഞെടുത്തു എന്നര്‍ഥമില്ലെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്​. കര്‍ശനമായ ആരോഗ്യ നിബന്ധകളാണ്​ ഇത്തവണ ഹജ്ജ്​ അപേക്ഷക്ക്​ ഏര്‍പ്പെടുത്തിയത്​. ഇലക്​ട്രോണിക്​ ട്രാക്കില്‍ നിന്ന്​ ഇത്​ പൂര്‍ണമായും പാലിച്ചവരെയായിരിക്കും തെരഞ്ഞെടുക്കുക. വെള്ളിയാഴ്​ചയായിരുന്നു ഹജ്ജ്​ അപേക്ഷ നല്‍കേണ്ടിയിരുന്ന അവസാന തീയതി. കോവിഡ്​ പശ്ചാത്തലത്തില്‍ ഇത്തവണ ഹജ്ജിന്​ വേറിട്ട പദ്ധതിയായിരിക്കുമെന്നും ഹജ്ജ്​ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.