• admin

  • February 28 , 2020

തൃശൂര്‍ : സൗരോര്‍ജ്ജ ഉല്‍പ്പാദനത്തിലും വിതരണത്തിലും വന്‍ മുന്നേറ്റം നടത്തുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. തൃശൂര്‍ ജില്ലാ ജനകീയ വൈദ്യുതി അദാലത്തും സംസ്ഥാനതല സമാപനവും കെ ടി മുഹമ്മദ് സ്മാരക റീജണല്‍ തീയറ്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഊര്‍ജ്ജ രംഗത്ത് സോളാര്‍ ഊര്‍ജ്ജമാണ് ചിലവ് കുറഞ്ഞത്. രാത്രിയിലും സൗരോര്‍ജ്ജം ലഭ്യമാക്കുന്നതിന് ഇത് സംഭരിച്ചു വെക്കാന്‍ ആവശ്യമായ ബാറ്ററി സംവിധാനങ്ങള്‍ ആവിഷ്‌കരിക്കും. 1000 മെഗാവാട്ട് കൂടുതലായി സൗരോര്‍ജ്ജ ഉല്‍പ്പാദനം നടത്തും. പ്രകൃതി ദുരന്തങ്ങളില്‍ വൈദ്യുതി ബോര്‍ഡിന് വലിയ നഷ്ടമുണ്ടായിട്ടും ലോഡ് ഷെഡിങ്ങും, പവര്‍ കട്ടും ഒഴിവാക്കാന്‍ കഴിഞ്ഞതും വൈദ്യുതീകരണം നടപ്പിലാക്കിയതും വൈദ്യുതി ബോര്‍ഡിന്റെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 2010 ല്‍ തന്നെ സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപിച്ച ഇന്ത്യയിലെ രണ്ടാമത്തെ ജില്ലയാണ് തൃശൂര്‍. മാടക്കത്തറയിലെ പവര്‍ ഗ്രിഡ് കോര്‍പറേഷന്റെ കേരളത്തിലെ ആദ്യത്തെ 320 കെ വി എച്ച് വി ഡി സി സബ് സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ കേരളത്തിന്റെ പവര്‍ ഹബ് ആയി തൃശൂര്‍ മാറും. ജില്ലയില്‍ 2021 നുള്ളില്‍ പൂര്‍ത്തീകരിക്കത്തക്ക രീതിയില്‍ ഉല്‍പ്പാദന, പ്രസരണ, വിതരണ മേഖലകളില്‍, വിവിധ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. 78.42 കോടി രൂപ ചിലവഴിച്ച് കുന്നംകുളം, ചാലക്കുടി, ഇരിഞ്ഞാലക്കുട സബ് സ്റ്റേഷനുകള്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 220 കെ വി ആയി ഉയര്‍ത്തും. മണ്ണുത്തിയില്‍ 110 കെ വി സബ് സ്റ്റേഷന്‍ സ്ഥാപിക്കും. തൃശൂര്‍ ജില്ലയിലെ വൈദ്യുതി സംബന്ധമായ വിവിധ വിഷയങ്ങളില്‍ പൊതു ജനങ്ങളുടെ പരാതി കേള്‍ക്കുന്നതിനും അവയില്‍ സമയ ബന്ധിതമായി തീര്‍പ്പ് കല്പിക്കുന്നതിനുമായാണ് ജില്ലാ ജനകീയ വൈദ്യുതി അദാലത്ത് സംഘടിപ്പിച്ചത്. ആകെ 930 പരാതികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 672 പരാതിക്കാര്‍ പങ്കെടുത്തു. ഇതില്‍ 837 പരാതികള്‍ തീര്‍പ്പാു കല്‍പ്പിച്ചു. 90% പരാതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞത് ജനകീയ അദാലത്തിന്റെ വന്‍ വിജയമായി. 2020 ജനുവരി 11 ന് കല്‍പ്പറ്റയില്‍ നിന്ന് ആരംഭിച്ച ജില്ലാ അദാലത്തിന്റെ സമാപനമാണ് തൃശ്ശൂരില്‍ നടന്നത്. 14 ജില്ലകളിലെയും അദാലത്തുകളുടെ വിശദാംശങ്ങള്‍ ക്രോഡീകരിച്ച് വൈദ്യുതി ബോര്‍ഡ് വഴി ജനങ്ങളില്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. സര്‍വീസ് കണക്ഷന്‍, ലൈനും പോസ്റ്റും മാറ്റല്‍, പുതിയ കണക്ഷന് മറ്റുള്ളവരുടെ സ്ഥലത്ത് കൂടി ലൈന്‍ വലിക്കുന്നതിനുള്ള എതിര്‍പ്പ്, ലൈന്‍ വലിക്കുന്നതിന് മരം മുറിച്ചതിന്റെ നഷ്ട പരിഹാരം, വനം വകുപ്പിന്റെ എതിര്‍പ്പ് കാരണം ലൈന്‍ വലിക്കുന്നതിനുള്ള എതിര്‍പ്പ്, ലൈന്‍ അഴിച്ചു മാറ്റല്‍, കറന്റ് ബില്ലിലെയും താരിഫ് ലെയും പരാതികള്‍, കേടായ മീറ്ററുകള്‍, ബില്‍ കുടിശ്ശിക, റവന്യു റിക്കവറി, കോടതിയില്‍ ഉള്ള കേസുകള്‍, വോള്‍ട്ടേജ് ക്ഷാമം, വൈദ്യുതി ദുരുപയോഗം, കേബിള്‍ ടി വി തര്‍ക്കങ്ങള്‍, സേഫ്റ്റി ക്ലിയറന്‍സ് പ്രശ്നങ്ങള്‍ എന്നീ പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. കെ എസ് ഇ ബി ഡിസ്ട്രിബ്യൂഷന്‍ ഐ ടി ആന്‍ഡ് എച് ആര്‍ എം ഡയറക്ടര്‍ പി കുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗവ ചീഫ് വിപ് അഡ്വ കെ രാജന്‍ അധ്യക്ഷനായി.