• admin

  • October 12 , 2022

കണ്ണൂർ : സർക്കാർ ഓഫീസുകളിലെ സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകനെ വിളിച്ചുവരുത്തി വിചാരണ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ. അബ്ദുൾ ഹക്കീം അറിയിച്ചു. അപേക്ഷകന്റെ ലക്ഷ്യവും താൽപര്യവും മനസ്സിലാക്കുന്ന രീതിയിൽ വിചാരണ ചെയ്യുന്നത് ചട്ടപ്രകാരമല്ല. അപേക്ഷകനെ ഓഫീസർക്കൊപ്പം വിചാരണ ചെയ്യാനുള്ള അധികാരം കമ്മീഷനാണുള്ളത്. അപേക്ഷകർക്ക് കൃത്യസമയം മറുപടി നൽകാത്തവർക്കെതിരെ ശക്തവും മാതൃകപരവുമായ നടപടി സ്വീകരിക്കും. കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിലാണ് ഇക്കാര്യം അറിയിച്ചത്. 2022 മാർച്ചിൽ നൽകിയ വിവരാവകാശ അപേക്ഷയിൽ കൃത്യസമയം മറുപടി നൽകാതിരുന്ന കടന്നപ്പള്ളി വില്ലേജ് ഓഫീസർക്ക് ശിക്ഷാനടപടിയുടെ മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകാൻ കമ്മീഷൻ തീരുമാനിച്ചു. തലശ്ശേരി സബ് കലക്ടർ ഓഫീസിൽനിന്ന് അപേക്ഷകന് നോട്ട് ഫയലിന്റെ പകർപ്പ് നൽകാത്തതിനെ കമ്മീഷൻ വിമർശിച്ചു. ഒരു ബാലികയുടെ മാതാപിതാക്കൾ കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നൽകിയ അപേക്ഷ പ്രകാരം ആവശ്യപ്പെട്ട രേഖകൾ ഫയലിൽ ഇല്ലെന്ന് പോലീസ് മറുപടി നൽകിയതിൻമേൽ അന്വേഷണം നടത്തുന്നത് പരിഗണിക്കുമെന്ന് കമ്മീഷണർ അറിയിച്ചു. അമിത വൈദ്യുതി ചാർജ് ഈടാക്കിയത് സംബന്ധിച്ച് സജീവ് വാച്ചാലി നൽകിയ അപേക്ഷയിൽ പത്ത് ദിവസത്തിനകം മൂന്നര വർഷത്തെ വൈദ്യുതി ബില്ലുകൾ നൽകാൻ കമ്മീഷണർ ഉത്തരവിട്ടു.