• admin

  • January 12 , 2023

കൽപ്പറ്റ :       ഇലക്ട്രിസിറ്റി മേഖലയിൽ സ്മാർട്ട് മീറ്റർ വ്യാപനം സ്വകാര്യവത്കരിക്കുന്നതിനെതിരെ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രക്ഷോഭം തുടങ്ങി. ഇതിൻ്റെ ഭാഗമായി കൽപ്പറ്റയിലെ കെ.എസ്.ഇ.ബി. ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.   സ്മാർട്ട് മീറ്റർ വ്യാപനം പൊതുമേഖലയിൽ നിർവഹിക്കുക, ടോട്ടക്സ് മാതൃക തള്ളി കളയുക, ബദൽ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ, കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ , കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ എന്നിവർ സംയുക്തമായി ധർണ്ണ നടത്തിയത്.       വൈദ്യുതി വിതരണ യൂട്ടിലിറ്റികൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത് ഒരു സാമ്പത്തിക ഭാരമാവാതെ മീറ്റർ സ്ഥാപിക്കുന്നതിനുള്ള ചെലവുകൾ പ്രവർത്തി ഏറ്റെടുക്കുന്ന കരാറുകാരൻ വഹിക്കുകയും ആ ചെലവ് പ്രതിമാസ ഫീസായി ഉപഭോക്താവിൽ നിന്ന് തിരിച്ച് പിടിക്കുകയും ചെയ്യുന്നതാണ് ടോട്ടക്സ് മാതൃക. വൈദ്യുതി മോഷണമടക്കമുള്ള വാണിജ്യ നഷ്ടം താരതമ്യേന കുറഞ്ഞ സംസ്ഥാനമെന്ന നിലയിൽ സാങ്കേതിക നഷ്ടം കുറക്കുന്നതിനുള്ള ശൃംഖലാനവീകരണ പദ്ധതികൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പദ്ധതിയാണ് തയ്യാറാക്കേണ്ടിയിരുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രൻ പറഞ്ഞു.     കേരളത്തിന് അനുവദിക്കപ്പെട്ട 12000 കോടിയോളം രൂപയുടെ പദ്ധതിയിൽ 8200 കോടി രൂപയും സ്മാർട്ട് മീറ്റർ വ്യാപനം ലക്ഷ്യം വെച്ചുള്ളതാണന്ന് സമരക്കാർ ആരോപിച്ചു .സി .ഐ.ടി.യു. ജോയിൻ്റ് സെക്രട്ടറി കെ.പി. ദിലീപ് വിഷയാവതരണം നടത്തി. പ്രസിഡണ്ട് ഷിബു അലക്സ് അധ്യക്ഷത വഹിച്ച ധർണ്ണയിൽ വിവിധ സംഘടനാ നേതാക്കൾ സംസാരിച്ചു..