• Lisha Mary

  • April 17 , 2020

കല്‍പ്പറ്റ : ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ക്കായി വനിതാ ശിശു വികസന വകുപ്പിന്റെ കൈത്താങ്ങ്. 'കുടുംബങ്ങളിലേക്ക് അംഗന്‍വാടി ', പോഷന്‍ വാണി, ടെലി കൗണ്‍സിലിംഗ് എന്നീ പദ്ധതികളുമായാണ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത്. കുടുംബങ്ങളിലേക്ക് അംഗന്‍വാടി എന്ന പദ്ധതിയിലൂടെ ഓരോ അങ്കണവാടി പ്രദേശത്തെയും വീടുകളിലേക്ക് ഫോണ്‍ ചെയ്ത് ആരോഗ്യവിവരങ്ങള്‍ തിരക്കും. വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം വീട്ടുകാരെ ഓര്‍മ്മിപ്പിക്കുകയും രോഗലക്ഷണമുള്ളവരുണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ അറിയിക്കും. വിദേശത്ത് നിന്നെത്തുന്നവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയും വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറുകയും ചെയ്യും. അംഗന്‍വാടികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നി ല്ലെങ്കിലും 6 മാസം മുതല്‍ 3 വയസ്സ്, 3 മുതല്‍ 6 വയസ്സ് വരെയുള്ള കുട്ടികള്‍ , കൗമാരക്കാരായ കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് അംഗന്‍വാടി മുഖേന വീടുകളില്‍ പോഷകാഹാരങ്ങള്‍ എത്തിച്ചു നല്‍കുന്നു. വനിതാ ശിശു വികസന വകുപ്പിന്റെ പ്രതിദിന വാട്സ് ആപ്പ് സംപ്രേഷണമാണ് പോഷന്‍ വാണി. സ്ത്രീകളേയും കുട്ടികളേയും സംബന്ധിക്കുന്ന വ്യത്യസ്ത വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയ പോഷന്‍ വാണിയിലൂടെ കൊറോണ വൈറസ് സംബന്ധമായ ബോധവത്ക്കരണ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നു. ജില്ലയില്‍ ഒരോ അംഗന്‍വാടി തലത്തിലും പ്രദേശത്തെ ആളുകളെ ഉള്‍പ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്. ക്വാറന്റയിനില്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കൊറോണയും കുട്ടികളും, കൊറോണ കാലത്ത് ഗര്‍ഭിണികളും മൂലയൂട്ടുന്ന അമ്മമാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ സംബന്ധിച്ച സന്ദേശങ്ങള്‍ പോഷണ്‍ വാണി മുഖേന നല്‍കുന്നുണ്ട്. വയോജനങ്ങളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുകയും 60 വയസ്സ് മുകളിലുള്ളവരുടെ വിവരങ്ങള്‍ സര്‍വ്വേ മുഖേനെ വര്‍ക്കര്‍മാര്‍ ശേഖരിക്കുന്നു. രോഗികളും നിരീക്ഷണത്തിലുള്ളവരും അനുഭവിക്കുന്ന മാനസീക സംഘര്‍ഷത്തെ അതിജീവിക്കുന്നതിനായി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് 49 സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ ടെലി കൗണ്‍സിലിഗും നടത്തുന്നു.