കൽപ്പറ്റ : സി പി ഐ എം കോട്ടത്തറ ഏരിയ കമ്മിറ്റിഅംഗമായ പി.ജംഷിദിന് എതിരായ ആരോപണം രാഷ്ട്രീയ പ്രേരിതവും വസ്തുത വിരുദ്ധവുമാണെന്ന് സി പി ഐ എം കോട്ടത്തറ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.പൊതുപ്രവർത്തനരംഗത്ത് സജീവമായി ഇടപെടുന്ന ചെറുപ്പക്കാരനായ സഖാവിനെ സമൂഹമാധ്യമത്തിൽ മോശമായി ചിത്രീകരിക്കുന്നതിന് കെട്ടിച്ചമച്ച പരാതിയാണ് കഴിഞ്ഞദിവസം ദൃശ്യ,പത്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ചത്.പരാതിക്കാരിയുടെയും ഭർത്താവിന്റെയും പിണങ്ങോടുള്ള വീട്ടിലെത്തി പതിനേഴാം തീയതി ജംഷീദ് മോശമായി പെരുമാറി എന്നാണ് ആരോപണം ഈ ആരോപണം ഭർത്താവും വീട്ടുകാരും പത്രസമ്മേളനം നടത്തി നിഷേധിച്ചിട്ടുണ്ട്.
മോശമായി പെരുമാറി എന്ന് ആരോപിക്കുന്ന സമയം വെങ്ങപ്പള്ളിയിൽ ഒരു വാഹന അപകടവുമായി ബന്ധപ്പെട്ട സ്ഥലത്തായിരുന്നു ജംഷീദ്.പതിനേഴാം തീയതിക്ക് ശേഷവും പരാതിക്കാരി ജംഷീദിന്റെ വീട്ടിലെത്തുകയും കുടുംബവുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.പൊതുപ്രവർത്തകൻ എന്ന നിലയ്ക്ക് പരാതിക്കാരിയുടെ ഭർതൃ വീട്ടിലുണ്ടായ കുടുംബ വഴക്ക് തീർക്കാൻ ശ്രമിച്ചതിൽ ഉണ്ടായ പ്രകോപനം രാഷ്ട്രീയലക്ഷ്യം വെച്ച് ഉപയോഗിക്കുകയാണ് ഉണ്ടായത്.ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനവും സോഷ്യൽ മീഡിയയിൽ വന്ന വാർത്തകളും തികച്ചും അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും ഈ കാര്യങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ ജനങ്ങൾ തള്ളിക്കളയണമെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.