• admin

  • February 19 , 2020

തിരുവനന്തപുരം : കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലെ പൊലീസിനെതിരേയുള്ള പരാമര്‍ശങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്തയോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയത്. പൊലീസുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വിവാദമായതിന് പിന്നാലെയാണ് ചട്ടവിരുദ്ധമായ കൂടുതല്‍ നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. പൊലീസ് മേധാവിയെടുത്ത പല നടപടികളും സ്റ്റോഴ്സ് പര്‍ച്ചേസ് മാന്വല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ളതാണെന്നും അവയൊക്കെ പിന്നീട് സര്‍ക്കാര്‍ സാധൂകരിച്ചു നല്‍കുകയായിരുന്നുവെന്നുമാണ് രേഖകള്‍ വ്യക്തമാക്കുന്നത്. നക്സല്‍ ശല്യമുള്ള സ്ഥലങ്ങളിലെ ഉപയോഗത്തിന് വെടിയുണ്ട പ്രതിരോധ വാഹനങ്ങള്‍ വാങ്ങുന്നതിനുപകരം വി.ഐ.പി സുരക്ഷയ്ക്കായി അത് വാങ്ങി, മൊബൈല്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ വാഹനങ്ങള്‍ എന്ന വ്യാജേന ഉയര്‍ന്ന നിലവാരത്തിലുള്ള ആഡംബര കാറുകള്‍ വാങ്ങി, വാങ്ങാനുദ്ദേശിക്കുന്ന ഉത്പന്നങ്ങളുടെ വിലനിശ്ചയിക്കുന്നതില്‍ പൊലീസ് ഓഫീസര്‍മാരും വില്‍പ്പനക്കാരും കെല്‍ട്രോണും തമ്മില്‍ അവിശുദ്ധബന്ധം പുലര്‍ത്തി, വെടിയുണ്ടകളും തോക്കുകളും കാണാതായി തുടങ്ങിയ ഗുരുതര ആരോപണങ്ങളായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. സി.എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിതന്നെ പരിശോധിക്കട്ടെയെന്ന നിലപാടാണു സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചിരുന്നത്. ഇതിനു പിന്നാലെയാണു പരിശോധനയ്ക്കായി ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.