പടിഞ്ഞാറത്തറ : ഗാല – പടിഞ്ഞാറത്തറ മഹോത്സവ വേദി വെള്ളിയാഴ്ച മറ്റൊരു അപൂർവ്വസംഗമത്തിന് സാക്ഷ്യം വഹിച്ചു. മഹോത്സവം ഒരു ജനകീയ ഉത്സവമാക്കി മാറ്റി നെഞ്ചിലേറ്റിയെങ്കിലും ജീവിത സഞ്ചാരത്തിനിടയിൽ കാൻസർ, പാരപ്ലിജിയ അടക്കമുള്ള പല വിധ രോഗങ്ങളാൽ ഒറ്റപ്പെട്ട് വീടിൻ്റെ അകത്തളങ്ങളിൽ കിടപ്പിലായിപ്പോയവരെ ചേർത്ത് പിടിച്ച് അവരെ ഗാല ഗ്രൗണ്ടിലെത്തിച്ച് കഴിയുന്നവരെ സൗജന്യമായി വിവിധ റൈഡുകകളിൽ കയറ്റിയും ദിവസവും നടക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ ആസ്വദിക്കാൻ അവസരമൊരുക്കിയും സംഘാടകർ മാതൃകയായി. കഴിഞ്ഞ 21 വർഷമായി പടിഞ്ഞാറത്തറ ആസ്ഥാനമായി സാന്ത്വന പരിചരണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട് വരുന്ന സംസ്കാര പാലിയേറ്റീവ് കെയർ സെൻ്ററിൽ രജിസ്റ്റർ ചെയ്ത കിടപ്പ് രോഗികൾക്ക് ആണ് അവസരമെരുക്കിയത്. ഇന്നലെ വരെ മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിച്ചിരുന്നവർ പെട്ടെന്ന് പക്ഷാഘാതം , ക്യാൻസർ തുടങ്ങി പല വിധ മാറാ രോഗങ്ങളാൽ ഒറ്റപ്പെട്ട് നാലു ചുമരുകൾക്കുള്ളിൽ കിടപ്പിലായിപ്പോയവർ അവരുടെ പ്രയാസങ്ങളിൽ കൂടെ നിന്ന് ഉത്സവാഘോഷങ്ങളിലോ , കല്യാണ മരണാനന്തര ചടങ്ങുകളിൽ പോലുമോ സാധാരക്കാരെ പോലെ പങ്കെടുക്കാൻ കഴിയാതെ സ്വന്തക്കാരെ പരിചരിച്ചു വരുന്ന കൂട്ടിരുപ്പുകാർ ഇവരെ ചേർത്ത് പിടിച്ച് പരമാവധി മാനസികോല്ലാസം നൽകാനാണ് സംസ്കാര പാലിയേറ്റീവ് വൊളണ്ടിയർമാർ മുൻകൈ എടുത്തത്. സംഗമം കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. കെ. കെ. അസ്മ ഉത്ഘാടനം ചെയ്തു.
സംസ്കാര പാലിയേറ്റീവ് പ്രസിഡൻ്റ് പി. മായൻ അദ്ധ്യക്ഷത വഹിച്ചു. ഗാല സംഘാടക സമിതി ആക്ടിംഗ് ചെയർമാനും സംസ്കാര പാലിയേറ്റീവ് യൂണിറ്റ് സെക്രട്ടറിയുമായ അബ്ദുറഹ്മാൻ അച്ചാരത്ത് സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറിയും പാലിയേറ്റീവ് വൊളണ്ടിയറുമായ പി. സുധീർ മാസ്റ്റർ നന്ദിയും പറഞ്ഞു. ഗാല സംഘാടക സമിതി കൺവീനർ പി. അഷറഫ് അച്ചൂസ് ആശംസ നേർന്നു. പാലിയേറ്റീവ് വോളണ്ടിയർമാരായ കുര്യൻ മാസ്റ്റർ, കെ. ഹംസ , അഫ്സത്ത് കളത്തിൽ, ഉസ്മാൻ കൊട്ടാരം, കെ. ഫ്രാൻസിസ്, റംല ഉസ്മാൻ, സൈനബ റഹ്മാൻ, അഷ്മിറ പഞ്ചാര , ബേബി കിളിയമ്പ്ര , ബുഷ്റ സിദ്ധീഖ്,കെ. റഷീദ് , കെ. സജീർ , ദിനേശൻ കാവര, പള്ളിയാൽ ഇബ്രാഹിം, ബുഷ്റ ഷമീർ, സണ്ണി കിളിയമ്പ്ര , കെ. നാസർ, അഷറഫ് കുഞ്ഞിക്കണ്ടി, ടി. സിദ്ധീഖ് എന്നിവരുടെ നേതൃത്വത്തിലാണ് രോഗികളെയും കൂട്ടിരിപ്പുകാരെയും വേദിയിലെത്തിച്ചത്. അഷ്റഫ് കണ്ണോത്ത് , റഷീദ് ചക്കര, അഷറഫ് മുതുവൻ എന്നിവർ നേതൃത്വം നൽകി.