• Lisha Mary

  • March 22 , 2020

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനം നേരിടാന്‍ അതീവ കരുതലോടെ സംസ്ഥാനം. കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരും രോഗബാധ സംശയിക്കുന്നവരും ആശുപത്രിയില്‍ പ്രവേശിക്കാനോ നിരീക്ഷണത്തില്‍ കഴിയാനോ വിസമ്മതിച്ചാല്‍ നിര്‍ബന്ധപൂര്‍വം നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ആരോഗ്യവകുപ്പ് വിജ്ഞാപനമിറക്കി. രോഗബാധ സംശയിക്കുന്ന പ്രദേശങ്ങള്‍ അടച്ചിടുക, രോഗബാധിത മേഖലയില്‍ സഞ്ചാര നിരോധനം ഏര്‍പ്പെടുത്തുക, രോഗികളെ പാര്‍പ്പിക്കാന്‍ സ്വകാര്യ കെട്ടിടങ്ങള്‍ ഏറ്റെടുക്കുക തുടങ്ങിയവയ്ക്ക് ജില്ലാ ഭരണാധികാരികള്‍ക്ക് അധികാരം നല്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ സമൂഹവ്യാപനത്തിലേക്ക് നീങ്ങുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. നിലവില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. വിദേശത്തു നിന്നെത്തിയവരില്‍ ചിലര്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാവുന്നില്ല. ഇതുവരെ അഭ്യര്‍ത്ഥനയാണ് നടത്തിയത്. ഇനി മുതല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ശൈലജ പറഞ്ഞു. അത്യാവശ്യ ചികില്‍സകളും അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകളും നടത്തിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒട്ടേറെ ആശുപത്രികള്‍ ഒപി സമയം വെട്ടിച്ചുരുക്കിയെന്നും മന്ത്രി പറഞ്ഞു.