തിരുവനന്തപുരം : ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയതിന് ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരമേറ്റ സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസ് അന്വേഷണത്തിൽ സംഭവിച്ച ഗുരുതര വീഴ്ച ആഭ്യന്തര വകുപ്പിൻ്റെ പരാജയണമാണ് തെളിയിക്കുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി വിധി. ഭരണഘടനയെ അവഹേളിച്ചതിന് രാജിവെക്കേണ്ടി വന്ന മന്ത്രിയെ തിരിച്ചെടുത്തത് മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമാണ്. ഇത് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയ മന്ത്രിയെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചുവെന്നത് ഗൗരവതരമായ കാര്യമാണ്. പിണറായി സർക്കാർ രാജ്യത്തിൻ്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിലകൽപ്പിക്കുന്നില്ലെന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് ഹൈക്കോടതിയുടെ വിധി. കോടതിവിധി മാനിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ ശക്തമായ ബഹുജനപ്രക്ഷോഭം നേരിടേണ്ടി വരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.