കൊച്ചി : ഷാഫി പറമ്പിലിന്റെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.ഇതില്‍ ഒരു സംശയവും വേണ്ട. മനഃപൂര്‍വം ഷാഫിയെ പൊലീസ് തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു.സര്‍ക്കാരിനെതിരെയുള്ള എല്ലാ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ്, പൊലീസിനെ അഴിച്ചു വിട്ട് ക്രൂരമര്‍ദ്ദനം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പൊലീസുകാര്‍,എകെജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ഓര്‍ത്തിരുന്നാല്‍ നല്ലതായിരിക്കും. ഈ ഗൂഢാലോചനയ്ക്കും അക്രമത്തിനും നേതൃത്വം കൊടുത്ത മുഴുവന്‍ പൊലീസുകാര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയാണ്.സംഘര്‍ഷത്തില്‍ ഒരു യുഡിഎഫ് പ്രവര്‍ത്തകന്റെ കാഴ്ച തന്നെ അവതാളത്തിലായിരിക്കുകയാണ്.
ശബരിമലയില്‍ പ്രതിരോധത്തിലായ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും സിപിഎമ്മിനെയും രക്ഷിക്കാനായിട്ടാണ് ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നതെങ്കില്‍ എല്ലാ ശക്തിയും സമാഹരിച്ച് കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും ശക്തിയായി പ്രതികരിക്കുക തന്നെ ചെയ്യും.ഷാഫി പറമ്പിലിനെ ക്രൂരമായിട്ടാണ് പൊലീസ് മര്‍ദ്ദിച്ചത്.ഒരു പ്രകോപനവും ഇല്ലാതെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ജാഥ തടഞ്ഞുകൊണ്ടാണ് പ്രകോപനം ഉണ്ടാക്കിയത്.
എല്ലാ കണക്കും എഴുതിവെച്ചിട്ടുണ്ട്: വേണുഗോപാൽ
ശബരിമലയിലെ സ്വര്‍ണക്കടത്തിന്റെ വിവാദം വഴിതിരിച്ചുവിടാനാണ് ഷാഫി പറമ്പിലിന് നേരെ ആക്രമം നടത്തിയതെന്ന് എഐസിസി ജനറൽ സെക്ര്ടടറി കെ സി വേണുഗോപാൽ പറഞ്ഞു. ഷാഫിക്ക് നേരെ നടന്നത് കാട്ടുനീതിയാണെന്നും, ഇതിന്റെയെല്ലാം കണക്കുകള്‍ എഴുതിവെച്ചിട്ടുണ്ട്. രാജാവിനേക്കാല്‍ രാജഭക്തി കാണിക്കുന്ന പൊലീസുകാര്‍ ഇത് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും വേണുഗോപാല്‍ തളിപ്പറമ്പിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകന് 2023 ല്‍ ലൈഫ്മിഷന് പദ്ധതി അഴിമതി കേസില്‍ ഇ ഡി സമന്‍സ് അയച്ച വിവരം പുറത്തുവന്നതും മുഖ്യമന്ത്രി ഉദ്യോഗസ്ഥന്മാരില്ലാതെ കേന്ദ്രമന്ത്രിമാരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതും കൂട്ടിവായിക്കുമ്പോള്‍ ഡെന്മാര്ക്കില് എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് സംശയിക്കേണ്ടതുണ്ട്. അങ്ങനെ ഇല്ലെന്ന് തെളിയിക്കേണ്ടത് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.മറ്റാര്‍ക്കെങ്കിലുമാണ് സമന്‍സ് അയച്ചതെങ്കില്‍ ഇ ഡി തന്നെ അതിന് പരമാവധി പബ്ലിസിറ്റി നല്‍കും.എന്നാൽ ഇക്കാര്യം രണ്ട് വര്‍ഷത്തിന് ശേഷമാണ് പുറത്തുവന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.