• Lisha Mary

  • March 24 , 2020

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷഹിന്‍ബാഗില്‍ മാസങ്ങളോളം തുടര്‍ന്നു പോന്ന സമരം ഒഴിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരക്കാരെ നീക്കിയത്. കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 101 ദിവസം നീണ്ടുനിന്ന സമരമാണ് കോവിഡ് ഭീതിയെ തുടര്‍ന്ന് ഒഴിപ്പിച്ചത്. ഇന്ന് രാവിലെയാണ് ഷഹീന്‍ബാഗില്‍ നിന്ന് സമരക്കാരെ നീക്കിയത്. സമരക്കാരെ അനുനയിപ്പിച്ച് പിരിച്ചുവിടാന്‍ പോലീസ് ശ്രമങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്ത്രീകള്‍ അടക്കമുള്ള സമരക്കാരില്‍ പലരും ഷഹീന്‍ബാഗ് വിടാന്‍ തയാറായിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്. ഡല്‍ഹി മുഖ്യമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഷഹീന്‍ബാഗ് ഒഴിപ്പിച്ചത്. തലസ്ഥാനത്ത് 30 പേര്‍ക്കാണ് ഇതിനോടകം കൊറോണ സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് പൊതു ഗതാഗതം നിര്‍ത്തലാക്കുകയും അതിര്‍ത്തി അടക്കുകയും ചെയ്തത്.