• admin

  • January 10 , 2020

: പത്തനംതിട്ട : ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ സ്വമേധയാ പുതിയ സത്യവാങ്മൂലം നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 2016 ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നിലനില്‍ക്കുന്നു. ദേവസ്വം ബോര്‍ഡിനോട് ഇതുവരെ നിലപാട് ചോദിച്ചിട്ടില്ല. നിലപാട് ചോദിച്ചാല്‍ വീണ്ടും യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും സത്യവാങ്മൂലം സമര്‍പ്പിക്കുകയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. ഭക്തരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. വിശ്വാസികളുടെ താല്‍പ്പര്യത്തിനാണ് ബോര്‍ഡ് എപ്പോഴും മുന്‍ഗണന നല്‍കുന്നത്. പുന:പരിശോധന ഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡിനോട് സുപ്രീംകോടതി ഇതുവരെ അഭിപ്രായം ചോദിച്ചിട്ടില്ല. ശബരിമലയില്‍ യുവതികള്‍ കയറണോ വേണ്ടയോ എന്ന കാര്യം കോടതിയുടെ പരിഗണനയിലാണ്. നേരത്തെ ഭരണഘടനാബെഞ്ച് നടത്തിയ വിധി ഒമ്പതംഗ വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പഴയ വിധി നിലനില്‍ക്കുന്നതായി കരുതാനാകില്ലെന്ന് എന്‍ വാസു പറഞ്ഞു. ദേവസ്വം ബോര്‍ഡ് യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എന്‍ വാസു ഇക്കാര്യം അറിയിച്ചത്.