• admin

  • January 24 , 2020

തിരുവനന്തപുരം : വൈദ്യുതി ഉപയോക്താക്കളുടെ പരാതി എത്ര ദിവസത്തിനകം പരിഹരിക്കണമെന്നതിനു ചട്ടം വരുന്നു. വൈദ്യുതി മുടങ്ങിയാല്‍ നഗരങ്ങളില്‍ 6 മണിക്കൂറിനുള്ളിലും ഗ്രാമങ്ങളില്‍ 8 മണിക്കൂറിനുള്ളിലും പുനഃസ്ഥാപിക്കണം. വൈദ്യുതി തകരാര്‍ സംബന്ധിച്ച് വീഴ്ച വരുത്തുന്ന ഓരോ പരാതിക്കും 25 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും വൈദ്യുതി ബോര്‍ഡിന്റെ മാന്വലില്‍ പറയുന്നു. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള മേഖലകളില്‍ 10 മണിക്കൂറിനുള്ളില്‍ പുനഃസ്ഥാപിക്കണം. ലൈന്‍ പൊട്ടിയാല്‍ നഗരങ്ങളില്‍ എട്ടും ഗ്രാമങ്ങളില്‍ പന്ത്രണ്ടും മണിക്കൂറിനുള്ളില്‍ പരിഹരിക്കണം. വിദൂര മേഖലകളില്‍ 16 മണിക്കൂര്‍ വരെ. ഭൂഗര്‍ഭ കേബിളാണു തകരാറിലാകുന്നതെങ്കില്‍ നഗരങ്ങളില്‍ 24 മണിക്കൂറും ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും 48 മണിക്കൂറും എടുക്കും. എന്നാല്‍ വൈകുന്നേരം മുതല്‍ പിറ്റേന്നു രാവിലെ വരെ വരുന്ന പരാതികള്‍ ഒഴിവാക്കാനുള്ള വ്യവസ്ഥ മാന്വലില്‍ വൈദ്യുതി ബോര്‍ഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രാന്‍സ്ഫോമര്‍ കേടായാല്‍ നഗരത്തില്‍ 24 മണിക്കൂറിനുള്ളിലും ഗ്രാമത്തില്‍ 36 മണിക്കൂറിനുള്ളിലും നന്നാക്കണം. വൈദ്യുതി മുടക്കം 24 മണിക്കൂര്‍ മുന്‍പ് അറിയിക്കും. മുടക്കം 10 മണിക്കൂറില്‍ കൂടരുത്. പരാതി എപ്പോള്‍ പരിഹരിക്കുമെന്നു രണ്ടു മണിക്കൂറിനുള്ളില്‍ ഉപയോക്താവിനെ അറിയിക്കണം. മീറ്റര്‍ സംബന്ധിച്ച പരാതികള്‍ 5 ദിവസത്തിനകം പരിഹരിക്കും. പരിഹരിച്ചില്ലെങ്കില്‍ എല്‍ടി ഉപയോക്താക്കള്‍ക്ക് ദിവസം 25 രൂപയും എച്ച്ടി ഉപയോക്താക്കള്‍ക്കു ദിവസം 50 രൂപയും ലഭിക്കും. മീറ്റര്‍ കേടായാല്‍ ഏഴു ദിവസത്തിനുള്ളില്‍ മാറ്റി സ്ഥാപിക്കും.കരടു മാന്വല്‍ സംബന്ധിച്ച ആദ്യ ഹിയറിങ് 29നു തലസ്ഥാനത്ത് നടത്തും.