• admin

  • December 29 , 2022

: കൊവിഡിന് ശേഷം ആദ്യമായി പുനരാരംഭിച്ച വേങ്ങേരി അഗ്രി ഫെസ്റ്റിലേക്ക് ജനപ്രവാഹം. ക്രിസ്തുമസ് അവധിക്കാലം കൂടി വന്നതോടെ കുട്ടികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് ദിനംപ്രതി വേങ്ങേരിയിലെ ഫെസ്റ്റ് നഗരിയിലേക്ക് ഒഴുകുന്നത്. വിവിധ സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ഫ്ലവർ ഷോ, അമ്യുസ്‌മെന്റ് പാര്‍ക്ക് എന്നിവ കാണാനും ദിവസവും നടക്കുന്ന സാംസ്‌ക്കാരിക പരിപാടികള്‍ ആസ്വദിക്കുവാനുമാണ് അഗ്രി ഫെസ്റ്റ് നഗരിയിലേക്ക് ജനമൊഴുകുന്നത്. അഗ്രി ഫെസ്റ്റിലെ പ്രധാന ആകര്‍ഷണം അമ്യൂസ്‌മെന്റ് പാര്‍ക്കും ഫ്ലവർ ഷോയുമാണ്. കൂടാതെ പുരാവസ്തു വകുപ്പിന്റെ സ്റ്റാളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിനുള്ള ഉപകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇലാഗാര്‍ഡനാണ് ഫ്ലവർ ഷോ ഒരുക്കിയത്. ഫ്ലവർ ഷോ കാണാന്‍ മുതിര്‍ന്നവര്‍ക്ക് 50 രൂപയാണ് പ്രവേശന ഫീസ്. കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. വിവിധ വിദേശ ചെടികളും ഫലവൃക്ഷങ്ങളും ഫെസ്റ്റ് നഗരിയില്‍ വില്‍പ്പനയ്ക്കുണ്ട്. പുരാവസ്തു വകുപ്പ് ഒരുക്കിയ സ്റ്റാള്‍ സന്ദര്‍ശിക്കാനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പോയ കാലത്തിന്റെ കാര്‍ഷിക സംസ്‌ക്കാരങ്ങളും ഉപകരണങ്ങളും കാര്‍ഷിക ചരിത്രവുമാണ് പുരാവസ്തു വകുപ്പിന്റെ സ്റ്റാളുകളില്‍ പരിചയപ്പെടുത്തുന്നത്. പത്ത് രൂപയാണ് പ്രവേശന ഫീസ്. കോഴിക്കോടന്‍ വിഭവങ്ങളും മലബാര്‍ ഭക്ഷണങ്ങളും അറേബ്യന്‍, ചൈനീസ് ഭക്ഷണങ്ങളും ലഭിക്കുന്ന ഫുഡ് കോര്‍ട്ടും വേങ്ങേരി അഗ്രി ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണമാണ്. വിവിധ തരം പലഹാരങ്ങള്‍, ബിരിയാണി, അല്‍ഫാം, മന്തി തുടങ്ങിയ ഭക്ഷണങ്ങളും ഇവിടെ ലഭ്യമാണ്. ഫെസ്റ്റ് നഗരിയില്‍ കുടുംബശ്രീകളുടെയും മറ്റും വിവിധ കാര്‍ഷിക വിപണന മേളകളുമുണ്ട്. ദിവസേന വിവിധ റസിഡന്‍സ് അസോസിയേഷനുകളും മറ്റും അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറുന്നുണ്ട്. വിശാലമായ സൗജന്യ പാര്‍ക്കിങ് ഉള്ളതിനാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ ആളുകള്‍ ഫെസ്റ്റിനായി എത്തിച്ചേരുമെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടല്‍. സംസ്ഥാന കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഡിസംബര്‍ 22 മുതല്‍ ആരംഭിച്ച ഫെസ്റ്റ് ഈ മാസം 31 ന് അവസാനിക്കും.