കൽപ്പറ്റ : വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ കവർന്നയാളെ രാജസ്ഥാനിൽ നിന്നും പിടികൂടി വയനാട് സൈബർ ക്രൈം പോലീസ്.രാജസ്ഥാൻ ബികനീർ സ്വദേശിയായ ശ്രീ രാം ബിഷ്ണോയി(28)യെയാണ് വയനാട് സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.പടിഞ്ഞാറത്തറ സ്വദേശിയായ ഐ.ടി ജീവനക്കാരനെ വെർച്വൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ കവർന്ന കേസിലാണ് അറസ്റ്റ്.
2024 ആഗസ്റ്റിലാണ് സംഭവം.യുവാവിനെ തട്ടിപ്പുകാർ സ്കൈപ് വഴി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ വിവിധ ബാങ്കുകളിൽ വ്യാജ രേഖകൾ സമർപ്പിച്ച് ലോണുകൾ നേടിയിട്ടുണ്ട് എന്നും അതിന്റെ പേരിൽ അറസ്റ്റ് വാറൻറ് ഇഷ്യൂ ചെയ്തിട്ടുണ്ട് എന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കാനായി യുവാവിന്റെ അക്കൗണ്ടിലെ പണം അടുത്ത ബന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റാനും നിർദേശിച്ചു. പിന്നീട് യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ പ്രീ അപ്പ്രൂവ്ഡ് ആയി ഉണ്ടായിരുന്ന പേർസണൽ ലോൺ തുക പ്രതികളുടെ അക്കൌണ്ടിലേക്ക് മാറ്റുകയാണ് തട്ടിപ്പുകാർ ചെയ്തത്.പിന്നീട് ഇത് തട്ടിപ്പാണ് എന്ന് മനസിലായ പരാതിക്കാരൻ സൈബർ പോർടൽ വഴി പരാതി രജിസ്റ്റർ ചെയ്യുകയും തുടർന്ന് പടിഞ്ഞാറത്തറ പോലീസ് കേസ് രജിസ്റ്റർ ചെയുകയുമായിരുന്നു.
കേസിലെ അന്വേഷണം ഏറ്റെടുത്ത സൈബർ ക്രൈം പൊലീസ്,തട്ടിപ്പുകാരുടെ ലൊക്കേഷൻ രാജസ്ഥാനിലെ പാക് അതിർത്തി പ്രദേശങ്ങളായ നോക്ക,ബുലാസർബാര എന്നിവിടങ്ങളിലാണെന്ന് മനസിലാക്കി.ഈ കേസിലെ പ്രതികളിൽ ഒരാളായ ശ്രിരാം ബിഷനോയി എന്നയാളെ ബികനീറിൽ നിന്നും പണം കൈമാറാൻ ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങൾ അടക്കം പിടികൂടുകയായിരുന്നു. ബികനീർ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റോടു കൂടി വയനാട്ടിലെത്തിച്ച് തുടർനടപടികൾക്ക് ശേഷം മാനന്തവാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സൈബർ സ്റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ പി പി ഹാരിസ്,എസ് സി പി ഓ കെ.എ സലാം പടിഞ്ഞാറത്തറ സ്റ്റേഷനിലെ എസ് സി പി ഓ പി വി ശ്രീനാഥ്,സിപിഓ ജിസൺ ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
