• admin

  • February 22 , 2020

കോട്ടയം :

വിരവിമുക്തി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ  ഒന്നു മുതല്‍ 19 വരെ പ്രായമുള്ള 4,27,382 കുട്ടികള്‍ക്ക് ഫെബ്രുവരി 25ന് വിര നശീകരണത്തിനുള്ള ഗുളിക നല്‍കും. ഫെബ്രുവരി 10ന് നടത്താനിരുന്ന പരിപാടി  കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. എല്ലാ സ്‌കൂളുകളിലും, കോളേജുകളിലും, അങ്കണവാടികളിലും ഗുളിക വിതരണമുണ്ടാകും. കോളേജുകളില്‍ ആദ്യ വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കാണ് ഗുളിക നല്‍കുക. വിരയിളക്കുന്നതിന് സാധാരണ നല്‍കി വരുന്ന ആല്‍ബന്‍ഡസോള്‍ ഗുളികയാണ് ഉപയോഗിക്കുന്നത്. ഉച്ച ഭക്ഷണത്തിനു ശേഷം ചവച്ചരച്ച് വെള്ളത്തോടൊപ്പമാണ്  ഇത് കഴിക്കേണ്ടത്. പനിയോ, ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്ന  മറ്റ് അസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളിക കഴിക്കണമെന്നും ഇതിന് പാര്‍ശ്വഫലങ്ങളില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.  ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വിരക്കെതിരെ ഗുളിക കഴിച്ചവരും 25ന് ഗുളിക കഴിക്കേണ്ടതാണ്. 926 സ്‌കൂളുകള്‍,  297  പ്രീപ്രൈമറി സ്‌കൂളുകള്‍, 2050 അങ്കണവാടികള്‍, 56 ഡേ കെയര്‍ സെന്ററുകള്‍, 24 കോളേജുകള്‍ എന്നിവയ്ക്ക് പുറമെ  സ്‌പെഷ്യല്‍  സ്‌കൂളുകള്‍, എം.ആര്‍.എസ്, ബാലഭവന്‍, പോളിടെക്‌നിക്, ഐ.ടി.ഐ, പാരലല്‍ കോളേജുകള്‍ എന്നിവിടങ്ങളിലും ഗുളിക  വിതരണം ചെയ്യും.  അങ്കണവാടിയില്‍ പോകാത്തതും സ്വകാര്യ നഴ്‌സറികളില്‍ പഠിക്കുന്നതുമായ കുട്ടികള്‍ക്ക് അങ്കണവാടികളില്‍  ഗുളിക നല്‍കും.അധ്യാപകരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും നേതൃത്വത്തിലുളള ഗുളിക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് കോട്ടയം ലൂര്‍ദ്ദ് പബ്ലിക് സ്‌കൂളില്‍ നടക്കും. മണ്ണിലൂടെ ആഹാരത്തില്‍ പ്രവേശിക്കുന്ന വിരകള്‍ കുട്ടികളുടെ ശരീരത്തിലെ പോഷണമൂല്യം ഗണ്യമായി ചോര്‍ത്തുന്നതുമൂലമുണ്ടാകുന്ന വിളര്‍ച്ച, വളര്‍ച്ച മുരടിപ്പ്, പ്രസരിപ്പില്ലായ്മ, അയണ്‍ കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിരഗുളിക കഴിക്കുന്നത് സഹായകമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.