വയനാട് മെഡിക്കൽ കോളേജ് കെട്ടിട ചോർച്ച, കുറ്റക്കാർക്കെതിരെ കേസെടുക്കണം എൻ.കെ റഷീദ് ഉമരി

വയനാട് മെഡിക്കൽ കോളേജ് കെട്ടിട ചോർച്ച, കുറ്റക്കാർക്കെതിരെ കേസെടുക്കണം എൻ.കെ റഷീദ് ഉമരി

കല്പറ്റ : വയനാട് മെഡിക്കൽ കോളേജിനോടുള്ള സർക്കാർ അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോടികൾ മുടക്കി നിർമ്മിച്ച കെട്ടിട്ടം ചോർന്നൊലിക്കുന്ന സംഭവമെന്നും കെട്ടിട നിർമാണത്തിലെ അപാകതകൾക്ക് ഉത്തരവാദികളായവർക്കെതിരെ കേസ് എടുക്കണമെന്നും എസ് ഡി പി ഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി ആവശ്യപ്പെട്ടു. എസ് ഡി പി ഐ വയനാട് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിയിരുന്നു അദ്ദേഹം.മെഡിക്കൽ കോളേജ് ഉദ്ഘാടനം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ പോലും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫുകളുടെ അഭാവം ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. മരുന്നുകൾക്കും ടെസ്റ്റുകൾക്കും “പുറത്ത്” നിർദ്ദേശിക്കുന്നത് പതിവായി മാറുന്നു. സി ടി സ്കാൻ അടക്കം മെഷിനറികൾ പ്രവർത്തന രഹിതമാകുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ഗുരുതരാവസ്ഥയിൽ വരുന്ന രോഗികളെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കോ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കോ റഫർ ചെയ്യാൻ മാത്രമുള്ള മടക്കൽ കോളേജായി മാറിയിരിക്കയാണ് വയനാട് മെഡിക്കൽ കോളേജ്.

തുടക്കം മുതൽ സംവിധാനങ്ങൾ താളംതെറ്റിയ സ്ഥാപനത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന മുറവിളികൾക്കിടയിലാണ് മുഖ്യമന്ത്രി ഏറെ കൊട്ടിഘോഷിച്ചു പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന മാമാങ്കങ്ങളിലൂടെ കെട്ടിട നിർമ്മാണത്തിന്റെ നേട്ടം അവകാശപ്പെട്ടവർ പിഴവുകളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണം. സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സർക്കാറിൻ്റെ ബാധ്യതയാണ്. നിർമ്മാണത്തിലെ അപാകതയും അധികൃതരുടെ അനാസ്ഥയുമാണ് ബഹുനില കെട്ടിടം ചോർന്നൊലിക്കാൻ കാരണം. കെട്ടിടം ചോർന്നൊലിക്കാനുള്ള കാരണം സാങ്കേതിക വിദഗ്ദരെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡണ്ട് എ യൂസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി ടി സിദ്ദീഖ് ജനറൽ സെക്രട്ടറി ഓർഗനൈസിംഗ് മഹറൂഫ് കെ ട്രഷറർ കെ പി സുബൈർ ജില്ലാ ഭാരവാഹികളായ എൻ ഹംസ, തോമസ് കെ.ജെ, ബബിത ശ്രീനു, സൽമാ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *