മേപ്പാടി : സുൽത്താൻ ബത്തേരിയിൽ നിന്നും ആരംഭിച്ച് തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ എത്തിച്ചേരുന്ന കെ എസ് ആർ ടി സി യുടെ പുതിയ ബസ് സർവ്വീസിന് മെഡിക്കൽ കോളേജ് അധികൃതരും യാത്രക്കാരും ജീവനക്കാരും സ്വീകരണം നൽകി. ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ മാനേജിങ് ഡയറക്ടറും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിക്കുകയും സർവ്വീസ് ആരംഭിയ്ക്കാൻ നേതൃത്വം നൽകിയ കെ എസ് ആർ ടി സി ജീവനക്കാരെ ആദരിക്കുകയും ചെയ്തു. രാവിലെ 8:00മണിക്ക് സുൽത്താൻ ബത്തേരിയിൽ നിന്ന് കോളിയാടി, മാടക്കര, ചുള്ളിയോട്, താളൂർ, എരുമാട്, കയ്യൂന്നി, ചേരമ്പാടി, ചോലാടി, വടുവൻചാൽ, പാടിവയൽ, റിപ്പൺ വഴി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ എത്തിചേരുന്നു. മെഡിക്കൽ കോളേജിൽ നിന്ന് രാവിലെ 10:30 ന് പുറപ്പെട്ട് മേൽ പറഞ്ഞ സ്ഥലങ്ങളിലൂടെ സുൽത്താൻ ബത്തേരിയിൽ എത്തിചേരുന്നു. മറ്റൊരു സർവ്വീസ് ഉച്ചയ്ക്ക് 1 മണിക്ക് ബത്തേരിയിൽ നിന്നും തിരിച്ച് വൈകുന്നേരം 5.40 ന് മെഡിക്കൽ കോളേജിൽ നിന്നും പുറപ്പെടുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങിൽ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, നസീറ ആസാദ്, ഡീൻ ഡോ.ഗോപകുമാരൻ കർത്ത, മെഡിക്കൽ സൂപ്രണ്ട് ഡോ.മനോജ് നാരായണൻ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ.ഷാനവാസ് പള്ളിയാൽ, കെ എസ് ആർ ടി സി ബത്തേരി ഡിപ്പോ എഞ്ചിനീയർ ഷാജിത് എ പി, എ ടി ഒ പ്രഷോബ് പി കെ, ഇൻസ്‌പെക്ടർ അശോകൻ വി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഇതോടെ അതിർത്തി പ്രദേശങ്ങളിൽ നിന്നും വരുന്ന രോഗികളും ജീവനക്കാരും നേരിട്ടിരുന്ന യാത്രാപ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും..