• admin

  • February 7 , 2023

കല്‍പ്പറ്റ :   വന്യമൃഗ ശല്ല്യവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത് രാഷ്ട്രീയ നാടകമാണെന്ന് ജില്ലാപഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ മുന്നോട്ടുപോകുന്ന ഭരണസമിതിയില്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള അവസരമുണ്ട്. ഭരണസമിതി യോഗത്തിലെ അജണ്ടയില്‍ ഉള്‍പ്പെടുത്താനുള്ള കാര്യങ്ങള്‍ ഓരോ അംഗങ്ങള്‍ക്കും പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ച് രേഖപ്പെടുത്തിക്കാവുന്നതാണ്. എന്നാല്‍ അങ്ങിനെ ഒന്ന് ഭരണസമിതി യോഗത്തിന് മുന്‍പുണ്ടായില്ല. എങ്കിലും ജില്ല അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമെന്ന നിലയില്‍ ഇടതുപക്ഷ അംഗം സുരേഷ് താളൂര്‍ മൂന്നാം അജണ്ടയിലെ ചര്‍ച്ച അവസാനിച്ച ഉടനെ വിഷയം ഉന്നയിക്കാന്‍ അനുമതി ആവശ്യപ്പെട്ടു. വിഷയത്തില്‍ സംസാരിക്കാനും മുഴുവന്‍ അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കാനുമാണ് പ്രസിഡന്റ് നിര്‍ദേശിച്ചത്. ഇതേതുടര്‍ന്ന് വിഷയത്തില്‍ യോഗത്തില്‍ പങ്കെടുത്ത 15 അംഗങ്ങളും സംസാരിച്ചു. 1972ലെ വനനിയമത്തില്‍ മാറ്റം വരുത്തണം, വന്യമൃഗശല്ല്യ ആക്രമണങ്ങളിലെ നഷ്ടപരിഹാരം കലാനുസൃതമായി പുതുക്കണം, വനത്തിലെ തേക്ക്, യൂക്കാലി മരങ്ങള്‍ നീക്കം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍ ഉണ്ടാണമെന്നാണ് സുരേഷ് താളൂര്‍ ഉന്നയിച്ചത്. ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് സംസാരിച്ചത് യു.ഡി.എഫ് അംഗമായ കെ.ബി നസീമയാണ്്. പിന്നാെല മറ്റ് അംഗങ്ങളെല്ലാം അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഒരാള്‍പോലും വിഷയത്തില്‍ എതിരഭിപ്രായം ഉന്നയിച്ചിരുന്നില്ല. അവസാനമായി സംസാരിച്ച പ്രസിഡന്റ് പ്രധാനമന്ത്രി, മുഖ്യമന്ത്രി, വനം മന്ത്രി, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് നല്‍കുന്ന കത്തില്‍ 7000 കോടിയുടെ വയനാട് പാക്കേജിലെ വന്യജീവി ശല്ല്യം പരിഹരിക്കാന്‍ തയ്യാറാക്കിയ പദ്ധതിയുടെ 480 കോടി അനുവദിച്ച് തരണമെന്നും, വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള 1.2 കോടി രൂപ എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും, പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും, കൊല്ലപ്പെടുന്ന വളര്‍ത്ത് മൃഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് യൂനിറ്റ് േകാസ്റ്റ് ആധാരമാക്കിയല്ലാതെ മാര്‍ക്കറ്റ് വില അടിസ്ഥാനമാക്കിയാവണമെന്നും സര്‍വകക്ഷി യോഗത്തില്‍ മന്ത്രി ഉറപ്പ് നല്‍കിയ ആര്‍.ആര്‍.ടി സംവിധാനം രൂപീകരിക്കണമെന്നും വന്യജീവികളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടയാളുകളുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് സ്ഥിരം സര്‍ക്കാര്‍ ജോലി നല്‍കുമെന്ന തീരുമാനം നടപ്പില്‍ വരുത്തണമെന്നതും കൂടി ഉള്‍പ്പെടുത്തണമെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പിന്നാലെയാണ് ഇടത് അംഗങ്ങള്‍ ഇറങ്ങിപ്പോയത്. ഇതില്‍ ഏത് അഭിപ്രായത്തിലാണ് അംഗങ്ങള്‍ ഇറങ്ങിപ്പോവാന്‍ നിധാനമായതെന്ന് മനസിലാവുന്നില്ലെന്നും യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു. ഇക്കഴിഞ്ഞ രണ്ടിന് നടന്ന ആസൂത്രണ സമിതി യോഗത്തില്‍ ഒന്നാമത്തെ അജണ്ടയായി ചര്‍ച്ച ചെയ്തത് വന്യമൃഗ ശല്ല്യം പരിഹരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ എന്ത് പങ്ക് വഹിക്കാന്‍ സാധിക്കും എന്നതായിരുന്നു. വിയഷത്തില്‍ എങ്ങിനെ ഇടപെടല്‍ നടത്താമെന്നത് ഈ മാസം 20നുള്ളില്‍ രൂപരേഖ തയ്യാറാക്കി നല്‍കാമെന്ന് വനംവകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചതാണ്. ഈ യോഗത്തില്‍ പങ്കെടുത്തവരാണ് ഇറങ്ങിപ്പോയ ഇടതുപക്ഷ അംഗങ്ങളെല്ലാം. വനംവകുപ്പ് നല്‍കുന്ന പ്രൊപ്പോസല്‍ അനുസരിച്ച് തദ്ദേശസ്ഥാപന മേധാവികളെ വിളിച്ചുവരുത്തി ചര്‍ച്ച നടത്താമെന്നും അന്ന് തീരുമാനിച്ചതാണ്. ഇത്രയും വ്യക്തമായി ജില്ലാ പഞ്ചായത്ത് വന്യമൃഗശല്ല്യ വിഷയത്തില്‍ ഇടപെടല്‍ നടത്തിയിട്ടും ഇതെല്ലാം അറിയുന്ന ഇടതുപക്ഷ അംഗങ്ങള്‍ ഇത്തരത്തില്‍ ഇറങ്ങിപ്പോക്ക് നടത്തിയത് രാഷ്ട്രീയ നാടകല്ലാതെ മറ്റൊന്നുമല്ല. വിഷയത്തില്‍ ആത്മാര്‍ഥമായ ഇടപെടല്‍ നടത്തുകയാണ് അവരുടെ ലക്ഷ്യമെങ്കില്‍ തുടര്‍പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യേണ്ടത്. ശാശ്വത പരിഹാരത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്താനും പദ്ധതികള്‍ക്ക് അനുവദിച്ച തുക നേടിയെടുക്കാനും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടതെന്നും വാര്‍ത്താസമ്മേളത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉഷാ തമ്പി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബീന ജോസ്, കെ.ബി നസീമ, സീത വിജയന്‍, അമല്‍ ജോയി എന്നിവര്‍ പറഞ്ഞു.