കൽപ്പറ്റ : കൽപ്പറ്റ നഗരത്തിൽ രാവിലെ സമയക്രമം തെറ്റിച്ചോടിയ ലോറി പോലീസ് കൈകാണിച്ചപ്പോൾ നിർത്തിയില്ലെന്നാരോപിച്ച് കല്ലെറിഞ്ഞതായി പരാതി.
കർണാടകയിൽ അരി കയറ്റി കോഴിക്കോടേക്ക് പോവുകയായിരുന്ന ലോറിയുടെ ഡ്രൈവറെ പോലീസ് വലിച്ചിറക്കി മർദ്ദിച്ചതായും പരാതി.പരിക്കേറ്റ കോഴിക്കോട് ചേളന്നൂർ സ്വദേശി സോനു (34) വിനെ കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കല്ലേറിൽ ലോറിയുടെ മുൻ ഗ്ലാസ്സ് തകർന്നു.
ഇന്ന് രാവിലെ കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിലാണ് സംഭവം.രാവിലെ എട്ട് മണിക്ക് ശേഷം ചരക്ക് വാഹനം നഗരത്തിലൂടെ പോകാൻ പാടില്ലന്ന നിയമം ലംഘിച്ച് പോയ സോനുവിൻ്റെ ലോറിക്ക് ട്രാഫിക് പോലീസ് കൈകാണിച്ചു നിർത്താതെ പോയതിനെ തുടർന്ന് സോനുവിന് നേരെ പോലീസ് കല്ലെടുത്ത് എറിഞ്ഞു.ഒഴിഞ്ഞ് മാറിയപ്പോൾ കല്ല് മുൻ ഗ്ലാസിൽ കൊണ്ട് ചില്ല് തകർന്നു.തുടർന്ന് സോനുവിനെ വലിച്ച് താഴെയിറക്കിയ പോലീസ് റോഡിലൂടെ വലിച്ചിഴച്ച് മർദ്ദിച്ചുവെന്നാണ് പരാതി.പരിക്കേറ്റ ഇയാൾ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
നേരത്തെ ഒരപകടത്തിൽ പരിക്കേറ്റ് നാല് മാസം അബോധവസ്ഥയിലായിരുന്നു സോനു.പിന്നീട് ചികിത്സക്ക് ശേഷമാണ് വീണ്ടും വാഹനം ഓടിച്ച് തുടങ്ങിയത്.സ്വന്തമായി വാഹനമോടിച്ചും കാനറാ ബാങ്കിൽ നിന്ന് വായ്പയെടുത്തുമാണ് സ്വന്തമായി ലോറി വാങ്ങിയത്.അപകടത്തിൽ തൊണ്ടയിൽ ശസ്ത്രക്രിയ നടത്തിയതിൽ സംസാരത്തിന് വ്യക്തത കുറവുണ്ട്.ഉറക്കമിളച്ച് ദീർഘ ദൂരം വാഹനം ഓടിച്ചതിനാലും നേരത്തെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാലും മദ്യപിച്ച് വാഹനമോടിച്ചുവെന്ന് സംശയിച്ചതാകാം പോലീസ് ക്രൂരമായി പെരുമാറാൻ കാരണമെന്ന് അമ്മയും സഹോദരിയും പറഞ്ഞു.മനുഷ്യത്വമില്ലാതെ ഡ്രൈവറോട് ക്രൂരമായി പെരുമാറിയ പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ലോറി ഓണേഴ്സ് അസോസിയേഷൻ രംഗത്തെത്തി.ജില്ലാ പോലീസ് മേധാവിക്ക് സംഘടന പരാതി നൽകി.നിലവിൽ അരി കയറ്റിയ ലോറി കൽപ്പറ്റ ഡി പോൾ സ്കൂളിന് മുൻ വശം നിർത്തിയിട്ടിരിക്കുകയാണ്.
