• admin

  • August 24 , 2021

കോട്ടയം : ലോട്ടറി തൊഴിലാളികൾ 26-ന് ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്ന് ലോട്ടറി ഏജൻ്റ്സ് ആൻ്റ് സെല്ലേഴ്സ് അസോസിയേഷൻ ഐ.എൻ.ടി.യു.സി. ഭാരവാഹികൾ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോവിഡ് രോഗബാധ സാമൂഹിക ജീവിതത്തിൽ ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധിയും, ജനങ്ങളുടെ വാങ്ങൽ ശേഷി കുറയ്ക്കുന്ന തരത്തിൽ ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് പ്രതിവാര സംസ്ഥാന ഭാഗ്യക്കുറിയുടെ വില 40 രൂപ എന്നത് 20 രൂപയായി കുറയ്ക്കുക. ഏകദേശം എൺപതിനായിരത്തോളം വരുന്ന ലോട്ടറി ക്ഷേമനിധി അംഗങ്ങളിൽ പകുതിയോളം പേർക്ക് മാത്രം ഓണം ബോണസ് ലഭിക്കുന്നതരത്തിൽ ആനുകൂല്യ വിതരണ നയത്തിൽ ക്ഷേമനിധി ബോർഡ് വരുത്തിയ മാറ്റം റദ്ദ് ചെയ്ത് കുടിശിഖ തീർത്ത എല്ലാ അംഗങ്ങൾക്കും അംഗത്വ കാലം പരിഗണിക്കാതെ പതിനായിരം രൂപ എന്ന നിരക്കിൽ ബോണസ് നൽകുക. ചികിത്സാ ചിലവ് രോഗികളുടെയും അവരുടെ കുടബത്തിൻ്റെയും ചുമലിൽ നിന്ന് ഒഴിവാക്കി നൽകി ലോകത്തിന് തന്നെ മാതൃകയായ കാരുണ്യ ബനവലൻ്റ് ഫണ്ട് പദ്ധതി ഇല്ലായ്മ ചെയ്തത് മനുഷ്യത്വരഹിതമാണ് . സംസ്ഥാന ഭാഗ്യക്കുറിയെ തകർക്കുന്ന തരത്തിൽ സംസ്ഥാനത്ത് വ്യാപകമായ പത്ത് രൂപയ്ക്ക് നിയമ വിരുദ്ധ എഴുത്ത് ലോട്ടറി നടത്തുന്ന മാഫിയയെ പൂർണമായും ഇല്ലാതാക്കുക. ഈ വിഷയങ്ങൾ ഉയർത്തി കേരള ലോട്ടറി ഏജൻ്റ്സ് ആൻ്റ് സെല്ലേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ലോട്ടറി തൊഴിലാളികൾ 25/9/2021 ശനിയാഴ്ച ദിവസത്തെ കാരുണ്യ ടിക്കറ്റുകൾ വിൽപ്പന നടത്താതെ ഒരു ദിവസത്തെ ലോട്ടറി ബഹിഷ്കരിക്കുന്നു. ഈ സമര പ്രഖ്യാപനത്തിൻ്റെ ഭാഗമായി 26/8/2021 വ്യാഴാഴ്ച്ച വൈകുന്നേരം 3 മണിക്ക് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും " പകൽപ്പന്തം" എന്ന പേരിൽ പ്രതിഷേധ ജ്വാല തെളിയിക്കുന്നു. തോമസ് കല്ലാടൻ (സംസ്ഥാന പ്രസിഡന്റ്), അശോക് മാത്യു (ജില്ലാ പ്രസിഡന്റ് ), ചന്ദ്രിക ഉണ്ണികൃഷ്ണൻ (സംസ്ഥാന സെക്രട്ടറി) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.