കൽപ്പറ്റ : തൊഴിലാളി ലയങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികൾ ഊർജ്ജിതമാക്കി പ്ലാന്റേഷൻസ് ഡയറക്റ്ററേറ്റ്.തോട്ടം മേഖലയുടെ ഉന്നമനത്തിനായി 2023 ൽ പ്രത്യേകമായി രൂപീകരിച്ച ഡയറക്ട്രേറ്റ്, നിരവധി പ്രവൃത്തികൾ ഇതിനോടകം പൂർത്തീകരിച്ച് കഴിഞ്ഞു.ലയങ്ങളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ജൂലൈ 29 വരെ 86 വിശദമായ പദ്ധതി രൂപരേഖകൾ സമർപ്പിച്ചിട്ടുണ്ട്.ഇതിൽ 3908 ലേബർ ലൈൻ യൂണിറ്റുകളുടെ പ്രവൃത്തി ഉൾപ്പെടുന്നു.ഇതിനകം 52 പദ്ധതി രൂപരേഖകൾക്ക് അംഗീകാരം ലഭിച്ചു.ഇതിൽ 40.84 കോടി രൂപയുടെ പ്രവൃത്തിയും 11.11 കോടി രൂപയുടെ സബ്സിഡിയും ഉൾപ്പെടുന്നു.ഇതുവരെ 80,81,106 രൂപ തോട്ടമുടമകൾക്ക് സബ്സിഡിയായി അനുവദിച്ചിട്ടുണ്ട്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 2024-25ലെ സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി 10 കോടി രൂപ അനുവദിച്ചിരുന്നു.ഈ വർഷം മാർച്ച് 1-നാണ് പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.
ലയങ്ങളുടെ നിർമ്മാണത്തിനോ നവീകരണത്തിനോ ആകെ ചിലവാകുന്ന തുകയുടെ 30% വരെ സബ്സിഡിയായി നൽകും.നവീകരണത്തിന് പരമാവധി 50,000 വരെയും പുതിയ നിർമ്മാണത്തിന് പരമാവധി 2,00,000 വരെയുമാണ് സബ്സിഡി ലഭിക്കുക.മേൽക്കൂര മാറ്റൽ,തറ ശരിയാക്കൽ, വൈദ്യുതീകരണം പുതുക്കൽ,ചുവരുകൾ പ്ലാസ്റ്ററിങ് ചെയ്യൽ,ശുചിമുറികളുടെയും മാലിന്യനിർമാർജന സംവിധാനങ്ങളുടെയും നിർമ്മാണം എിവ നവീകരണത്തിൽ ഉൾപ്പെടുന്നു.
ലോക ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതി വഴി റബ്ബർ,കാപ്പി,ഏലം എന്നീ പ്രധാന തോട്ടവിളകളിൽ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള ഇനങ്ങളിലൂടെ പുനർകൃഷി പ്രോത്സാഹിപ്പിക്കാനും ഡയറക്ടറേറ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.റീപ്ലാന്റിംഗിനായി ഹെക്ടറിന് 75,000 മുതൽ 1 ലക്ഷം രൂപ വരെ സബ്സിഡി,പരിശീലനം, നഴ്സറി നവീകരണം,ഗുണനിലവാര സർട്ടിഫിക്കേഷനുകൾ എന്നിവയ്ക്ക് പദ്ധതി വഴി ധനസഹായം നൽകും.ആകെ 476.44 കോടിരൂപയുടെ പദ്ധതിയ്ക്കാണ് ലോകബാങ്കിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ തോട്ടം മേഖലയ്ക്ക് ആഗോളതലത്തിൽ വിശ്വാസ്യതയും അംഗീകാരവും ലഭിച്ച സാഹചര്യത്തിൽ,’കേരളാ പ്ലാന്റേഷൻസ്’ എന്ന ആഗോള ബ്രാൻഡ് സൃഷ്ടിക്കുാനുള്ള ശ്രമത്തിലാണ് ഡയറക്ടറേറ്റ്.പ്ലാന്റേഷൻ ഉൽപ്പങ്ങൾക്ക് വിപണിയിലെ സ്ഥിരത ഉറപ്പാക്കുക, തോട്ടമുടമകൾക്ക് കൂടുതൽ വരുമാനം ഉണ്ടാക്കുക, സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ കരുത്തുറ്റതാക്കുക എന്നിവയാണ് ലക്ഷ്യം.