• admin

  • February 12 , 2023

ദ്വാരക : വയനാടൻ ജനതയുടെ ശബ്ദമായി മാറിക്കൊണ്ടിരിക്കുന്ന റേഡിയോ മാറ്റൊലി ഈ നാടിൻറെ ഭാവിയുടെ ബഹിർസ്ഫുരണമാണെന്ന് മാനന്തവാടി രൂപതാ സഹായമെത്രാന്‍ ബിഷപ് മാർ അലക്സ് താരാമംഗലം. നിശബ്ദരായ മനുഷ്യരുടെ പ്രശ്നങ്ങള്‍ അറിയിക്കുന്നതിനുള്ള ശബ്ദമായി റേഡിയോ മാറ്റൊലി തുടരണമെന്നും അദ്ദേഹം പറഞ്ഞു . ഫെബ്രുവരി 13 ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് റേഡിയോ മാറ്റൊലി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും മാറ്റൊലി മാനേജിംഗ് കമ്മിറ്റി അംഗവുമായ എച്ച്.ബി പ്രദീപ് മാസ്ററര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പള്ളി സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം ജോസ് കുരിശിങ്കല്‍ നന്ദിയും പറഞ്ഞു. വിവിധ മേഖലകളില്‍ പുരസ്കാരത്തിനര്‍ഹരായവരേയും ചടങ്ങില്‍ ആദരിച്ചു.       ഭാരതത്തിന്‍റെ പരമോന്നത ബഹുമതിയായ പത്മശ്രീ പുരസ്കാരം നേടിയ ചെറുവയല്‍ രാമൻ, സംസ്ഥാന ജൈവവൈവിധ്യ സംരക്ഷകൻ - സസ്യജാലം - വിഭാഗം അവാര്‍ഡ് ജേതാവ് എ. ബാലകൃഷ്ണന്‍ കമ്മന, വയനാട് സാഹിത്യോത്സവത്തിലൂടെ വയനാടിന് സാഹിത്യഭൂപടത്തില്‍ ഇടം നല്‍കിയ ഡോ. വിനോദ് കെ ജോസ് പ്രതിഭാസ വിശകലന ദര്‍ശനത്തില്‍ ഡോക്ടറേറ്റ് നേടിയ ഫാ. സജി തോമസ് കാട്ടാംകോട്ടില്‍, സംസ്ഥാന ക്ഷീരവകുപ്പിന്‍റെ മാധ്യമപുരസ്കാരം ശ്രവ്യ മാധ്യമവിഭാഗത്തില്‍ സ്വന്തമാക്കിയ ശ്രീകാന്ത് കെ കൊട്ടാരത്തില്‍, സംസ്ഥാന കൃഷി വകുപ്പിന്‍റെ ഹരിതമുദ്ര പുരസ്കാരത്തിനര്‍ഹയായ സ്മിത ജോണ്‍സണ്‍, എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഫെബ്രുവരി 13 ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് റേഡിയോ മാറ്റൊലി സംഘടിപ്പിച്ച കേള്‍ക്കാം നേടാം എന്ന ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും നടത്തി. റേഡിയോ മാറ്റൊലി പ്രക്ഷേപണ പരിപാടികളായ സുദിനം, ഇന്നലെകളില്‍ ഇന്ന് എന്നിവയുടെ യൂട്യൂബ് വീഡിയോ ലോഞ്ചിംഗും നടത്തി. മാനന്തവാടി തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍,എടവക പഞ്ചായത്ത് മെമ്പര്‍മാരായ ശിഹാബ് ആയത്ത്, സി.എം സന്തോഷ്, മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങള്‍, എക്സ്പെര്‍ട്ട് വോളണ്ടിയേഴ്സ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.