• admin

  • July 14 , 2021

കൽപ്പറ്റ : വയനാട്ടിൽ .റെൻ്ററിംഗ് പ്ലാൻ്റിന് അനുകൂലമായ കരട് നിയമത്തിനെതിരെ നാളെ (വ്യാഴാഴ്ച ) കലക്ട്രേറ്റിന് മുമ്പിൽ സമരം നടത്തുമെന്ന് ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാട്ടിൽ കാർഷിക മേഖല അപ്പാടെ തകർന്നടിഞ്ഞ് കർഷക ആത്മഹത്യകൾ പെരുകിയപ്പോൾ അഭ്യസ്ഥവിദ്യരായ ചെറു പ്പക്കാരും മറ്റും കേരള വെറ്റിനറി ഡിപ്പാർട്ട്മെന്റിന്റെയും കേരള അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിലെ ക്ലാസ്സുകളും പഠനങ്ങളും അടിസ്ഥാനമാക്കി മിച്ച ഭക്ഷണവും ചിക്കൻ വേസ്റ്റും പച്ചക്കറി മാർക്കറ്റിൽ മിച്ചം വരുന്നവയും മറ്റും ശരിയായി പാകം ചെയ്ത് പന്നികൾക്ക് തീറ്റയായി നൽകിയാണ് പന്നി കൃഷി നടത്തുന്നത്. 200 ലധികം പന്നി കർഷകർ വയനാട്ടിലുണ്ട്' . കൃഷി ലാഭകരമാക്കി മാറ്റാമെന്നും ഇതുമൂലം അൽപം സമയം കൂടി കഴിഞ്ഞാൽ മാലിന്യമായി മാറാൻ പോകുന്ന ഈ വസ്തുക്കൾ ഉപയോഗിച്ച് മനുഷ്യന് സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ ഇറച്ചിയാക്കി മാറ്റുകയും അതോടൊപ്പം മാലിന്യമുക്ത കേരളമെന്ന സ്വപ്നത്തിൽ ഒരു വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന നിർദ്ദേശം നിർദ്ദേശങ്ങളനുസരിച്ചാണ് പന്നികൃഷി നടത്തുന്നത്. യാതൊരു നിയന്ത്രണങ്ങളും നിലവിലി ല്ലാത്ത അന്യ സംസ്ഥാനങ്ങളിൽ നിന്ന് യദേഷ്ടം പന്നികൾ ഇറക്കു മതി ചെയ്യുന്ന കേരളം പോലുള്ള ഒരു ഉപഭോഗ സംസ്ഥാനത്ത് റെഡി മെയ്ഡ് തീറ്റ വാങ്ങി നൽകി അന്യസംസ്ഥാന ലോബികളോട് മത്സരിച്ച് പന്നി വളർത്തൽ ഉപജീവന മാർഗ്ഗമായി സ്വീകരിക്കുകയെന്നത് ആത്മഹത്യാപരമായിരിക്കും. നാടിനെ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരി മൂലം ഹോട്ടലുകളും മികച്ച ഭക്ഷണം ലഭിക്കുന്ന മറ്റ് സ്ഥാപനങ്ങളും അടഞ്ഞു കിടന്ന ഈ സമയം ചിക്കൽ വേസ്റ്റ് തീറ്റയായി നൽകിയാണ് ഈ മിണ്ടാ പ്രാണികളുടെ ജീവൻ നിലനിർത്തിയത്. ഈ കടുത്ത പ്രതിസന്ധി കാലഘട്ടത്തിൽ ആണ് വൻകിട കുത്തക കമ്പനികളുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തിന് വേണ്ടി പതിനായിരകണക്കിന് പന്നികളെ പട്ടിണിയാക്കി അത് മൂലം ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന ആയിരകണക്കിന് പന്നി കർഷക കുടുംബങ്ങളെ ആത്മഹത്യ യിലേക്ക് തള്ളി വിടുന്ന ചിക്കൻ വേസ്റ്റ് പന്നികൾക്ക് തീറ്റയായി നൽകാൻ പാടില്ല യെന്ന ഉത്തരവുമായി ജില്ലാ ഭരണകൂടവും പൊല്യൂഷൻ കൺട്രോൾ ബോർഡും രംഗത്ത് വരുന്നത്. ഇന്ന് പന്നികൾക്ക് തീറ്റ ആവശ്യത്തിനായി ഫ്രീയായി ചിക്കൻ കടകളിൽ നിന്ന് ശേഖരിച്ച് കൊണ്ടുപോകുന്ന ചിക്കൻ വേസ്റ്റിനാണ് കിലോയ്ക്ക് 5 രൂപ നിരക്കിൽ റെന്ററിംഗ് പ്ലാന്റ് മുതലാളിമാർക്ക് നൽകണമെന്നാണ് അധികാരികൾ ഉത്തരവിറക്കിയിരിക്കുന്നത്. ഇത് വിരലിലെണ്ണാവുന്ന അധികാരികളുടെയും റിംഗ് പ്ലാന്റ് മുതലാളിമാരുടെയും സ്വാർത്ഥ ലാഭത്തിന് വേണ്ടി മാത്രമാണ്. പന്നികൃഷിയെ ഉന്മൂലനം ചെയ്തു കഴിഞ്ഞാൽ ഈ തുക പതിന്മടങ്ങ് വർദ്ധിപ്പിക്കുവാൻ ഈ വൻകിട കുത്തക കമ്പനികൾക്ക് നിഷ്പ്രയാസം സാധിക്കും. അതുമൂലമുണ്ടാകുന്ന കോഴിവില വർദ്ധനവ് ഈ നാട്ടിലെ നിരപരാധിയായ സാധാരണക്കാരുടെ ചുമലിൽ വന്നു പതിക്കുമെന്ന കാര്യത്തിൽ യാതോരു സംശയവുമില്ല. ഇക്കാലമത്രയും ഈ സേവനം ചെയ്ത പന്നികൃഷിക്കാരെ പാടെ അവഗണിച്ചു കൊണ്ട് ഒരു സുപ്രഭാതത്തിൽ പന്നികൃഷിക്കാരെ ഉന്മൂലനാശം ചെയ്യുന്നതിന് വേണ്ടി യുള്ള ഈ ഗൂഡ ഉത്തരവിനെതിരെ കോഴി ഇറച്ചി ഉപയോഗിക്കുന്ന ഇന്നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടിയും ചിക്കൻ വ്യാപാരികൾ, ചിക്കൻ ഫാർമേഴ്സ് സർവ്വോപരി പന്നികൃഷിക്കാരുടെയും ശബ്ദമായി ഈ കരിനിയമം പിൻവലിക്കുന്നതു വരെ ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി ലൈഫ്സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.