• admin

  • August 3 , 2021

ദില്ലി : രാജ്യത്ത് 30,549 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 422 പേരാണ് രോഗബാധിതരായി മരിച്ചത്. 38887 പേർക്കാണ് രോഗമുക്തി. 1.85 ശതമാനം ആണ് ടിപിആർ. കഴിഞ്ഞ ആഴ്ച്ച 2.86 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. തൊട്ടു മുൻപുള്ള ആഴ്ച്ചയിൽ റിപ്പോർട്ട് ചെയ്ത 266000 ത്തെക്കാള്‍ ഏഴ് ശതമാനം വർധനവ്. രണ്ടാം തരംഗം ദുർബലമായി തുടങ്ങിയ മെയ് ആദ്യ ആഴ്ച്ചയ്ക്ക് ശേഷം ആദ്യമാണ് കൊവിഡ് പ്രതിവാര കണക്കിൽ വർധനയുണ്ടാകുന്നത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി പ്രതിദിന കണക്ക് അമ്പതിനായിരത്തിന് താഴെയാണ്. എന്നാൽ ഇതിനിടെ ഒരിക്കൽ മാത്രമാണ് പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരത്തിൽ താഴെ എത്തിയത്. ഇപ്പോൾ കൊവിഡ് കേസുകളിലുണ്ടാകുന്ന വർധന മൂന്നാം തരംഗത്തിന്‍റെ തുടക്കമാണോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതേസമയം മൂന്നാം തരംഗം രണ്ടാം തരംഗത്തിന്‍റെ അത്ര ശക്തമാവില്ല എന്നാണ് വിലയിരുത്തലെന്ന് ഐഐടിയിലെ ഗവേഷകർ പറഞ്ഞു. മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം പ്രതിദിനം പരമാവധി 1,50,000 വരെ മാത്രമേ എത്തു എന്നാണ് ഇവരുടെ പഠനത്തിൽ കണ്ടെത്തിയത്.