• admin

  • January 7 , 2022

തിരുവനന്തപുരം :   സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രയോജനകരമായ പാക്കേജുകള്‍ തയ്യാറാക്കുന്നതിനും ടൂറിസം പങ്കാളികളുമായുള്ള സഹകരണം ഉറപ്പിക്കുന്നതിനുമായി രാജ്യത്തെ പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കോവളത്ത് ഒത്തുചേരുന്നു. കേരള ടൂറിസത്തിന്‍റെ പിന്തുണയോടെ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറവും (എസ്കെഎച്ച്എഫ്) കൊച്ചി ആസ്ഥാനമായുള്ള ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബും (ടിപിസി) സംയുക്തമായാണ് മൂന്നു ദിവസത്തെ പ്രചാരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍, ബി 2 ബി മീറ്റ്, കോവളം, പൂവാര്‍, വര്‍ക്കല എന്നിവിടങ്ങളിലെ പ്രധാന ടൂറിസം ആകര്‍ഷണങ്ങളിലേക്കുള്ള സന്ദര്‍ശനം എന്നിവ ഇതില്‍ ഉള്‍പ്പെടും. വ്യവസായ പങ്കാളികളുമായുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ബി2ബി മീറ്റ് ജനുവരി 7 ന് വൈകുന്നേരം 4 ന് കോവളത്തെ കെടിഡിസി സമുദ്ര റിസോര്‍ട്ടില്‍ നടക്കും.ഗുജറാത്ത്, ഡല്‍ഹി, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ പ്രധാന ടൂറിസം വിപണികളില്‍ നിന്നുള്ള 120ലധികം ട്രാവല്‍ ഏജന്‍റുമാരും ടൂര്‍ ഓപ്പറേറ്റര്‍മാരും സംസ്ഥാനത്തെ വിനോദസഞ്ചാരത്തിന് വലിയ ഉത്തേജനം നല്‍കുന്ന പരസ്പര പ്രയോജനകരമായ തന്ത്രങ്ങളും പാക്കേജുകളും തയ്യാറാക്കുന്നതിനായി ഹോട്ടല്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ടൂറിസം പങ്കാളികളുമായി കൂടിക്കാഴ്ച നടത്തും.കോവിഡ് പ്രതിസന്ധിയെ തരണം ചെയ്ത കേരളത്തിലെ ടൂറിസം വ്യവസായത്തില്‍ പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്നത് ശുഭസൂചനയാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബയോ ബബിള്‍ സൗകര്യങ്ങള്‍ പോലെ സംസ്ഥാനം നടപ്പാക്കിയ കോവിഡ് 19 സുരക്ഷാ നടപടികളുടെ വിജയമായി ഇതിനെ കാണാം. ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ബോധ്യമുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വളര്‍ച്ചയെ സഹായിക്കാനുതകുന്ന എല്ലാ പിന്തുണയും സര്‍ക്കാര്‍ അവര്‍ക്ക് വാഗ്ദാനം ചെയ്യും. നിലവില്‍ സംസ്ഥാനത്തിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന പ്രചാരണ പരിപാടി മറ്റു ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കോവിഡിന് ശേഷം പുനരുജ്ജീവനം നേടിയ സംസ്ഥാന ടൂറിസം മേഖലയ്ക്ക് ഈ കാമ്പയിന്‍ പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ പറഞ്ഞു. കോവളത്തെ സാഹസിക വിനോദസഞ്ചാരവും പൂവാറിലെ കായല്‍ യാത്രകളും ഉള്‍പ്പെടെ ബീച്ച് ടൂറിസം പ്രവര്‍ത്തനങ്ങളുടെ അപാരമായ സാധ്യതകള്‍ തിരിച്ചറിയാന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഇതൊരു മികച്ച അവസരമാകും. ഈ സ്ഥലങ്ങളിലെ കൂടുതല്‍ പ്രദേശങ്ങള്‍ പര്യവേഷണം ചെയ്യാനും ഇതിലൂടെ സന്ദര്‍ശകര്‍ക്ക് ആകര്‍ഷകമായ ടൂര്‍ പാക്കേജുകള്‍ രൂപകല്‍പ്പന ചെയ്യാനും അവര്‍ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രചാരണ പരിപാടിയിലൂടെ തെക്കന്‍ കേരളത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും കൂടുതല്‍ വിനോദസഞ്ചാരികളെ യാത്രകള്‍ക്ക് പ്രചോദനമേകുന്ന വിധം നവീകരിച്ച യാത്രാ പദ്ധതികള്‍ ഉടന്‍ അവതരിപ്പിക്കുമെന്നും സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം സെക്രട്ടറി ജനറല്‍ മനോജ് ബാബു പറഞ്ഞു.ട്രാവല്‍ ഏജന്‍റ് അസോസിയേഷന്‍ ഓഫ് കോയമ്പത്തൂര്‍ (TAAC), ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് തെലങ്കാന ( TOAT), എന്‍റര്‍പ്രൈസിംഗ് ട്രാവല്‍ ഏജന്‍റ്സ് അസോസിയേഷന്‍ ( ETTA) എന്നിവയാണ് പരിപാടിയുടെ ഭാഗമായ പ്രധാന ടൂര്‍ ഓപ്പറേറ്റര്‍മാര്‍.