• admin

  • September 26 , 2022

തിരുവനന്തപുരം :   കൃഷിക്കാരുടെ വരുമാനം, കാർഷികോൽപാദന ക്ഷമത, ഉൽപ്പന്ന സംസ്കരണം, ഉത്പന്നങ്ങളുടെ വില, മൂല്യവർധിത പ്രവർത്തനങ്ങളിൽ നിന്നും മറ്റ് അനുബന്ധ മേഖലയിൽ നിന്നുമുള്ള വരുമാനങ്ങൾ എന്നിവയിൽ വർദ്ധനവ് വരുത്തുന്നതിനായി മന്ത്രിസഭായോഗത്തിൽ തീരുമാനമെടുത്തിരുന്ന മൂല്യവർദ്ധിത കൃഷി മിഷന് പ്രവർത്തന മാർഗരേഖയായതോടെ മിഷൻ രൂപീകൃതമായതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. മുഖ്യമന്ത്രി ചെയർപേഴ്സണായും കൃഷി മന്ത്രി,വ്യവസായ വകുപ്പ് മന്ത്രി എന്നിവർ വൈസ് ചെയർ പേഴ്സൺമാരായും കാർഷികോല്പാദന കമ്മീഷണർ കൺവീനറുമായാണ് മിഷൻ രൂപീകരിച്ചിട്ടുള്ളത്.   കാർഷികമേഖലയിൽ ഉണ്ടായിട്ടുള്ള പ്രധാന നേട്ടങ്ങൾ, നിലവിലുള്ള അനുഭവങ്ങൾ, നയങ്ങൾ, വിപണി, സാങ്കേതികവശങ്ങൾ എന്നിവ പരിഗണിച്ച് പ്രധാനമായും ഇടപെടേണ്ട മേഖലകൾ കണ്ടെത്തുന്നതിനും അതുവഴി മൂല്യവർധിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുന്നതിനും കേന്ദ്രീകൃത സമീപനം രൂപീകരിക്കുന്നതിനുമായി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ പ്രവർത്തനരേഖക്ക് മന്ത്രിസഭ ഉപസമിതി അംഗീകാരം നൽകിയതിനെ തുടർന്നാണ് മിഷൻ രൂപീകൃതമായിരിക്കുന്നത്. സമാഹരണ പ്രവർത്തനങ്ങൾ, സ്റ്റാൻഡേർഡൈസേഷൻ, ഗുണനിലവാര നിയന്ത്രണം, ലേബലിംഗ് എന്നിവ ഉറപ്പുവരുത്തുന്ന മികച്ച ആഭ്യന്തര -വിദേശ വിപണിക്കു വേണ്ടിയുള്ള ആസൂത്രണങ്ങൾ എന്നിവ ഈ നിർദേശങ്ങളിൽ ഉൾപ്പെടുന്നുണ്ട്. നൂതന യന്ത്രവൽക്കരണം, ബഹിരാകാശ അധിഷ്ഠിത സാങ്കേതികവിദ്യകളുടെ ഉപയോഗം, ദ്രുതഗതിയിലുള്ള വിജ്ഞാന വ്യാപനം എന്നിവയും മിഷൻ നടത്തിപ്പിന്റെ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു. 2022 -23ലെ ബജറ്റിൽ മിഷന്റെ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിട്ടുള്ള തുക, നിർദിഷ്ട കേര (KERA) പ്രോജക്റ്റ്, ആർ.കെ.ഐ, ആർ.ഐ.ഡി.എഫ് തുടങ്ങിയവയിൽ നിന്നും മൂല്യവർദ്ധിത മിഷനുള്ള ഫണ്ട് കണ്ടെത്തുന്നതായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.   സർക്കാർ അംഗീകരിച്ച പട്ടികയിൽ ഓരോ ജില്ലയിലെയും ഉൽപ്പന്നങ്ങളും അവയിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും വിശദീകരിക്കുന്നുണ്ട്. വാഴപ്പഴം, നാളികേരം, കശുമാങ്ങ, കാപ്പി, തേയില, ചക്ക, മാങ്ങ, ചെറുധാന്യങ്ങൾ, നെല്ല്, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ, റബർ, കിഴങ്ങുവർഗ്ഗവിളകൾ, വെറ്റില എന്നിവ ഇതിൽ ഉൾപ്പെടും. ഉടൻ നടപ്പിലാക്കുന്ന KERA (Kerala climate resilient agri value chain modernization ) പദ്ധതി മൂല്യവർദ്ധിത കൃഷി മിഷന് കൂടുതൽ കരുത്തേകുമെന്നും മന്ത്രി പറഞ്ഞു. ഉത്പാദനക്ഷമത വർദ്ധനവ് മൂല്യവർധിത മിഷന്റെ ഒരു പ്രധാന ഇടപെടൽ മേഖലയായിരിക്കും. ഒരു ജില്ല -ഒരു ഉത്പന്നം, ഒരു ജില്ല- ഒരു ആശയം, ഒരു കൃഷിഭവൻ- ഒരു ഉത്പന്നം, ഗുണനിലവാരമുള്ള നടീൽവസ്തുക്കളുടെ വിതരണത്തിനായി നഴ്സറി ആക്ട്, തുടങ്ങിയ നയപരമായ തീരുമാനങ്ങളിലും മിഷൻ ഇടപെടൽ ഉണ്ടാകും. ഒപ്പംതന്നെ അടിസ്ഥാനസൗകര്യ വികസനം, സ്മാർട്ട് കൃഷിഭവൻ ആശയം, പഞ്ചായത്ത് തലത്തിലുള്ള കൃഷി കൂട്ടങ്ങളുടെ ശാക്തീകരണം, ഗ്രീൻ ലേബൽ ഫെസിലിറ്റേഷൻ സെന്ററുകൾ എന്നിവയും മിഷൻ ദൗത്യത്തിന്റെ ഭാഗമാവും.   കേരളത്തെ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ഫ്രൂട്ട് പ്ലേറ്റ് ആക്കി മാറ്റുക എന്ന ആശയം കൂടി മൂല്യവർധിത മിഷൻ മുന്നോട്ടുവയ്ക്കുന്നുണ്ട്. കാർഷിക ഉൽപ്പാദക സംഘങ്ങളുടെ സഹായത്തോടെ വിപണനം, കയറ്റുമതി എന്നിവയിൽ നല്ലൊരു ഇടപെടൽ നടത്തുന്നതായിരിക്കും. സ്റ്റാർട്ട് അപ്പ് മിഷൻ, കയറ്റുമതിക്കാർ, MSME കൾ എന്നിവരുടെ കൂടി സഹായത്താൽ പ്രാദേശിക ഉത്പന്നങ്ങൾക്ക് രാജ്യാന്തരതലത്തിൽ വിപണി കണ്ടെത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.