കല്‍പ്പറ്റ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താന്‍ പണം കൊടുത്തില്ലെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് സി പി എമ്മിനെ വെല്ലുവിളിച്ച് അഡ്വ.ടി സിദ്ദിഖ് എം എല്‍ എ.സി പി എം ജില്ലാ സെക്രട്ടറിയും എല്‍ ഡി എഫ് ജില്ലാ കണ്‍വീനറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിദ്ദിഖ് അടങ്ങുന്ന യു ഡി എഫ് എം എല്‍ എമാര്‍ പണം നല്‍കിയില്ലെന്ന ആരോപണം ഉന്നയിച്ചിരുന്നു.ഇതില്‍ പ്രതികരിച്ചാണ് പണം നല്‍കിയതിന്റെ രേഖകള്‍ അടക്കം ഉയര്‍ത്തിക്കാട്ടി കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടി സിദ്ദിഖ് എം എല്‍ എ സി പി എം നേതാക്കളെ വെല്ലുവിളിച്ചത്.
കള്ളം പെരുമ്പറ മുഴക്കി ആയിരം തവണ ആവര്‍ത്തിച്ചാലും സത്യമാകില്ല.അത് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം.ദുരന്തമുണ്ടായ സമയം മുതല്‍ തന്നെ തെരഞ്ഞെടുത്ത മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ ജനങ്ങളുടെ കൂടെ നില്‍ക്കാനാണ് താന്‍ ശ്രമിച്ചത്. അവര്‍ക്ക് ഒരു പരിധിവരെ താങ്ങാവാനായി എന്നാണ് വിശ്വസിക്കുന്നത്.അത് തന്റെ ഉത്തരവാദിത്തവുമാണ്.അത് ഇനിയും തുടരും. ടൗണ്‍ഷിപ്പില്‍ താന്‍ ആദ്യമായല്ല സന്ദര്‍ശനം നടത്തുന്നത്.ഫോട്ടോ എടുത്തോ,റീല്‍സ് ഇട്ടോ ആളാകാനല്ല താന്‍ ടൗണ്‍ഷിപ്പിലേക്ക് പോകുന്നത്. ജനങ്ങള്‍ പിരിച്ചെടുത്ത് സര്‍ക്കാരിനെ ഏല്‍പ്പിച്ച പണം കൊണ്ടാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണം നടക്കുന്നത്.എം എല്‍ എ എന്ന നിലയില്‍ താനും സര്‍ക്കാരിന്റ ഭാഗമാണ്.അതുകൊണ്ട് തന്നെ ടൗണ്‍ഷിപ്പിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും മറ്റുമായി ഇനിയും ഞാന്‍ ടൗണ്‍ഷിപ്പിലേക്ക് പോകും. ഈ പദ്ധതി നേരെ പോകുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വമുണ്ട്.അത് നിര്‍വഹിക്കുക തന്നെ ചെയ്യും.തന്നെ കടയാന്‍ ശശിക്കോ, റഫീക്കിനോ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.കര്‍ണാടക സര്‍ക്കാര്‍ 20 കോടി രൂപയാണ് ദുരന്തബാധിതര്‍ക്കായി വീടുകള്‍ നിര്‍മ്മിച്ചുനല്‍കാനായി നല്‍കിയത്.ഒരു സംസ്ഥാനവും ഇത്രയും തുക നല്‍കിയിട്ടില്ല.രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും നടത്തിയ ഇടപെടല്‍ കൊണ്ടാണ് ഇത്രയും തുക നല്‍കിയതെന്നും എം എല്‍ എ പറഞ്ഞു.
ദുരന്തബാധിതരുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ താന്‍ പങ്കെടുത്തതും വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പലതവണ റവന്യു മന്ത്രിയെ കണ്ടതും, കലക്ട്രേറ്റില്‍ യോഗം വിളിച്ചതും,പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടതും ടൗണ്‍ഷിപ്പിനുള്ളിലെ കുടുംബങ്ങള്‍ റോഡില്‍ ചളിക്കെട്ടി നില്‍ക്കുന്നത് പ്രശ്നമാക്കിയപ്പോള്‍ നിര്‍മ്മാണത്തിന് തടസമുണ്ടാക്കരുതെന്ന് അവരെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടതും,കലക്ടറെ നേരില്‍ കണ്ട് അവിടുത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടതുമൊന്നും ചില രാഷ്ട്രീയക്കാരെ പോലെ തന്റെ മേനി പ്രകടിപ്പിക്കാനല്ല.ജനങ്ങള്‍ എന്നെ തെരഞ്ഞെടുത്തത് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന ഉത്തമബോധ്യത്തിലാണ്.അതുകൊണ്ട് തന്നെ അവരില്‍ ഒരാളായി അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടും പരിഹരിച്ചും തന്നെ മുന്നോട്ട് പോകും. അത് ദുരന്തബാധിതരുടെ വിഷയത്തിലും അല്ലാത്തവരുടെ വിഷയത്തിലും ഇനിയും തുടുരുമെന്നും എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനങ്ങള്‍ നല്കിയ പണം കൊണ്ട് നിര്‍മ്മിക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് പദ്ധതി സി പി എമ്മിന്റെതാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം നടത്തുകയാണ്.അത് പൊളിച്ചിരിക്കുകയാണ്. അതാണ് തനിക്കെതിരെ പച്ചക്കള്ളവുമായി എത്താന്‍ കാരണം.ഒരാളെയും കൊണ്ടുവന്ന് നടുക്കിരുത്തി തെലുങ്കാന സര്‍ക്കാര്‍ തനിക്ക് കോടികള്‍ തന്നുവെന്നാണ് പറയുന്നത്.ചോദ്യം ചോദിച്ച് പോകുകയാണ്.പിന്നീട് മറുപടിയില്ല.സി പി എം ജില്ലാസെക്രട്ടറിയെയും എല്‍ ഡി എഫ് കണ്‍വീനറെയും അത് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്.ഒരാളെ തകര്‍ക്കാന്‍ ആസൂത്രിതമായി നുണകളുടെ പെരുമ്പറ മുഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.തന്നെ മൂലക്കിരുത്താമെന്നാണ് ധാരണയെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല,രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണം.അല്ലാതെ വളഞ്ഞ വഴികളിലൂടെയല്ല പോകേണ്ടത്.താന്‍ തെലുങ്കാന സര്‍ക്കാരിന്റെ പണം വാങ്ങിയെന്നും,ദുരിതാശ്വാസനിധിയില്‍ പണം നല്‍കിയില്ലെന്നും പറഞ്ഞവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
