• admin

  • January 24 , 2020

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായി 41 സ്‌കൂളുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഓരോ മണ്ഡലത്തിലും ഒരു സ്‌കൂളില്‍ വീതം നടപ്പാക്കുന്ന അഞ്ച് കോടി രൂപയുടെ പദ്ധതിയില്‍പ്പെട്ട 25 സ്‌കൂളുകളുടേയും മൂന്ന് കോടി രൂപ വിഭാഗത്തില്‍പ്പെട്ട 16 സ്‌കൂളുകളുടേയും നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. ഈ സ്‌കൂളുകള്‍ക്ക് പുറമെ 50 സ്‌കൂളുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ തൃശൂര്‍ ജില്ലയിലെ നാലു സ്‌കൂളുകളുടെ കരാറുകാരെ ഒഴിവാക്കി. മലപ്പുറത്തെ കരാറുകാരെ പുറത്താക്കുന്ന പ്രക്രിയ അവസാനഘട്ടത്തിലാണ്. ഇത്തരം സ്ഥലങ്ങളില്‍ പുതിയ കരാറുകാരെ ഉടന്‍ കണ്ടെത്തും. അടുത്ത അധ്യയന വര്‍ഷത്തിന് മുമ്പ് 141 സ്‌കൂളുകളുടേയും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി കൈമാറാനുളള നടപടികള്‍ സ്വീകരിച്ചതായി കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന 966 സ്‌കൂളുകളുടേയും ജില്ലാ മണ്ഡലം, തദ്ദേശഭരണ സ്ഥപാനം എന്നിങ്ങനെ തിരിച്ച് സമേതം പോര്‍ട്ടലില്‍ (www.sametham.kite.kerala.gov.in) KIIFB Funded schools എന്ന ലിങ്കില്‍ ലഭ്യമാണ്.