• admin

  • February 12 , 2020

തളിപ്പറമ്പ് :

ചെറുകിട ഫർണിച്ചർ  ഉൽപ്പാദകരുടെ കൂട്ടായ്മയായ മലബാർ ഫർണിച്ചർ കൺസോർഷ്യം ഫാക്ടറി പരിയാരം പഞ്ചായത്തിലെ അമ്മാനപ്പാറയിൽ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഫാക്ടറിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിച്ചു. 

2005 –ൽ തുടങ്ങിയ സംരംഭത്തിന്‌ 2012–ൽ കേന്ദ്ര സർക്കാരിന്റെ കോമൺഫെസിലിറ്റി സെന്ററായി അംഗീകാരം ലഭിച്ചു. കൺസോർഷ്യത്തിൽ 70 ശതമാനം കേന്ദ്ര സർക്കാരും 20 ശതമാനം സംസ്ഥാന സർക്കാരും 10 ശതമാനം വ്യക്തിഗത അംഗങ്ങളുമാണ് മുതൽ മുടക്കിയിട്ടുള്ളത്. കൺസോർഷ്യത്തിന്റെ ഫാക്ടറി പരിയാരം അമ്മാനപ്പാറയിൽ നാലര ഏക്കറിൽ 20 കോടി രൂപ ചെലവിൽ പൂർത്തിയായി. 

45,000 ചതുരശ്രയടി വിസ്തീർണമുള്ള സ്ഥിരം പ്രദർശനകേന്ദ്രം 10 കോടി രൂപ ചെലവിൽ ദേശീയപാതയോരത്ത്‌ കോരൻപീടികയിൽ  ആരംഭിക്കും. കൺസോർഷ്യം പൂർണതോതിൽ പ്രവർത്തക്ഷമമാകുന്നതോടെ അന്താരാഷ്ട്രനിലവാരത്തിലുള്ള ഫർണിച്ചർ ഉൽപ്പാദിപ്പിക്കാനും കയറ്റുമതിചെയ്യാനും സാധിക്കുമെന്ന് ചെയർമാൻ സി അബ്ദുൾകരീമും  മാനേജിങ്‌ ഡയറക്ടർ കെ പി രവീന്ദ്രനും പറഞ്ഞു.